ന്യൂഡൽഹി: പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിലെ പ്രധാനമന്ത്രിയുടെ സന്ദർശനം പാകിസ്താന്റെ വ്യാജപ്രചരണങ്ങൾ തുറന്നുകാട്ടിയെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി. ഓപറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം നശിപ്പിച്ച വ്യോമതാവളങ്ങളിൽ ഇറങ്ങാൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോ കരസേന മേധാവി അസിം മുനീറിനോ കഴിയുമോ എന്നും പ്രിയങ്ക ചോദിച്ചു.
'ആദംപൂർ വ്യോമതാവളം ആക്രമിച്ചുവെന്ന് പാകിസ്താൻ അവരുടെ മാധ്യമങ്ങളിലൂടെയും കരസേന മേധാവിയിലൂടെയും ഡി.ജി.എം.ഒയിലൂടെയുമൊക്കെ പ്രചരിപ്പിച്ച കിംവദന്തികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകാട്ടി. അസിം മുനീറിനും ഷെഹബാസ് ഷെരീഫിനും ഇന്ത്യൻ സായുധ സേന ഓപറേഷൻ സിന്ദൂരിലൂടെ നശിപ്പിച്ച അവരുടെ ഏതെങ്കിലും വ്യോമതാവളങ്ങളിൽ ഇറങ്ങാൻ കഴിയുമോ?' അവർ ചോദിച്ചു.
ആദംപൂർ വ്യോമതാവളത്തിലുള്ള ഇന്ത്യയുടെ പ്രതിരോധ സംവിധാനമായ എസ്. 400 നശിപ്പിച്ചെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം. പ്രധാനമന്ത്രിയുടെ ഇന്നലത്തെ ആദംപൂർ സന്ദർശനത്തോടെ അവരുടെ തെറ്റായ അവകാശവാദം പൊളിഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദത്തെും പ്രിയങ്ക വിമർശിച്ചു. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്നതിനുള്ള പ്രസ്താവനകളെന്നായിരുന്നു വിമർശനം.
'ഇന്ത്യയെയും പാകിസ്താനെയും താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം നമ്മുടെ രാജ്യത്തിനെതിരെ സംസാരിച്ചു. ഒരു വശത്ത് നമുക്ക് പ്രബുദ്ധതയുള്ള ഇന്ത്യയുണ്ട് മറുവശത്ത് പാകിസ്താൻ സൈന്യം നിയന്ത്രണം പിടിച്ചെടുത്ത അർഥശൂന്യരായ നേതാക്കളുള്ള ഒരു രാജ്യവുമുണ്ട്. തുടർച്ചയായ ഇത്തരത്തിലുള്ള പ്രസ്താവനകൾ കൊണ്ട് സമാധാനത്തിനുള്ള നൊബേൽ നേടാനാവുമെന്നാണ് ട്രംപ് കരുതുന്നത്' പ്രിയങ്ക പറഞ്ഞു.
ഇന്ത്യയെയും പാകിസ്താനെയും സമാധാന കരാറിലേക്ക് പോകാൻ പ്രേരിപ്പിച്ചതായും ഇരു രാജ്യങ്ങളുമായും വ്യാപാര കരാറുകൾ മുന്നോട്ടുവെച്ചതായും നേരത്തെ ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. 'ആണവായുധങ്ങളേക്കാൾ വ്യാപാര കരാറുകൾ വളരെ മികച്ചതാണ്. സമാധാനം സ്ഥാപിക്കാമെന്നും വ്യാപാര കരാറുകളിൽ ഏർപ്പെടാമെന്നും ഞങ്ങൾ ഇന്ത്യയെയും പാകിസ്ഥാനെയും ബോധ്യപ്പെടുത്തി' ട്രംപ് പറഞ്ഞു. ഏപ്രിൽ 22 നു നടന്ന പഹൽഗാം ഭീകരാക്രമണത്തിനു ശേഷമാണ് ഇന്ത്യ പാക് ബന്ധം വീണ്ടും വഷളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.