ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 13ന് മിസോറാം, മണിപ്പൂർ സംസ്ഥാനങ്ങൾ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ആദ്യ സന്ദർശനം ബൈരാബി-സൈരാഗ് റെയിൽവേ ലൈൻ ഉദ്ഘാടനത്തിനായി മിസോറാമിലായിരിക്കും. ഇതിനുശേഷമാകും മണിപ്പൂർ സന്ദർശനം.
2023ൽ മണിപ്പൂർ കലാപം സംഘർഷം ആരംഭിച്ച ശേഷമുള്ള മോദിയുടെ ആദ്യ മണിപ്പൂർ സന്ദർശനമാകും ഇത്. എന്നാൽ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മണിപ്പൂർ അധികൃതർ പറഞ്ഞു.
രണ്ടുവർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. ഫെബ്രുവരി 13 മുതൽ മണിപ്പൂർ പ്രസിഡന്‍റ് ഭരണത്തിൻ കീഴിലാണ്. 2027 വരെ കാലാവധിയുള്ള സംസ്ഥാന അസംബ്ലി സംഘർഷങ്ങളെതുടർന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ് മണിപ്പൂർ. വടക്കു കിഴക്കൻ മേഖലയിലെ സാമൂഹ്യ.-സാമ്പത്തിക വികസനം ലക്ഷ്യം വെച്ചിട്ടുള്ള കേന്ദ്രത്തിന്‍റെ ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമാണ് മിസോറാമിൽ ഉദ്ഘാടനത്തിന് തയാറെടുക്കുന്ന റെയിൽവേ ലൈൻ. 51.38 കിലോമീറ്ററാണ് ഇതിന്‍റെ നീളം. മിസോറാമിനെ ആസാമിലെ സിൽച്ചാറുമായും മറ്റ് സംസ്ഥാനങ്ങളുമായും ഇത് ബന്ധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.