രാജസ്ഥാനിൽ ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി

79,450 കോടിയിലധികം രൂപ ചിലവ്, ഒമ്പത് ദശലക്ഷം മെട്രിക് ടൺ വാർഷിക ശേഷി; രാജ്യത്തെ ആദ്യ ഗ്രീന്‍ഫീൽഡ് റിഫൈനറി രാജസ്ഥാനിൽ ഉദ്ഘാടനം ചെയ്തു

ജയ്പൂർ: രാജ്യത്തെ ആദ്യ ഗ്രീന്‍ഫീൽഡ് റിഫൈനറി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ ഉദ്ഘാടനം ചെയ്തു. ബലോത്ര ജില്ലയിലെ പച്ച്പദ്രയിലാണ് രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് നിലവിൽ വന്നത്. ഇന്ത്യയുടെ ഊർജ്ജ-പെട്രോകെമിക്കൽ മേഖലയിലെ സുപ്രധാന നാഴികകല്ലാണ് ഈ ഗ്രീന്‍ഫീൽഡ് റിഫൈനറി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (എച്ച്.പി.സി.എൽ) രാജസ്ഥാൻ സർക്കാരും സംയുക്തമായിട്ടാണ് റിഫൈനറിയുടെ നിർമാണം ആരംഭിച്ചത്. 79,450 കോടിയിലധികം രൂപ ചിലവിലാണ് ഒമ്പത് ദശലക്ഷം മെട്രിക് ടൺ വാർഷിക ശേഷിയുള്ള ഗ്രീൻഫീൽഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് നിർമാണം.

ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും പെട്രോകെമിക്കൽ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിലും വ്യാവസായിക വളർച്ച ത്വരിതപ്പെടുത്തുന്നതിലും ഈ പദ്ധതി നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് കേന്ദ്രസർക്കാറിന്‍റെ കണക്കുകൂട്ടൽ. മേഖലയിൽ പെട്രോകെമിക്കൽ ആൻഡ് പ്ലാസ്റ്റിക് പാർക്കിന്റെ വികസനത്തിന് ഇതൊരു അഭിവാജ്യഘടകമായി മാറിയേക്കും. കൂടാതെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് മുതൽ കൂട്ടാവുമെന്നും പ്രതീക്ഷിക്കുന്നു.

ശനിയാഴ്ച ബലോത്രയിൽ നടന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പരിഷ്കരിച്ച ഉഡാൻ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും പരിപാടിയിൽ പങ്കെടുത്തു. ഏകദേശം 23,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ടെർമിനലിന് പ്രതിവർഷം 2 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. അതേസമയം ഉഡാൻ പദ്ധതിക്ക് കീഴിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രാദേശിക വ്യോമ ഗതാഗതം ശക്തിപ്പെടുത്തുന്നതിനായി ഏകദേശം 28,840 കോടി രൂപയുടെ തുക വകയിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പ് പ്രകാരം, 480 കോടി രൂപ ചെലവിലാണ് ഈ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. പ്രതിവർഷം 20 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയോടെയാണ് പുതിയ ടെർമിനൽ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. യാത്രക്കാർക്ക് സുഗമവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാൻ ആധുനിക സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

Tags:    
News Summary - With an investment of over ₹79,450 crore and an annual capacity of 9 million metric tonnes, the country's first greenfield refinery has been inaugurated in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.