1991ലെ ആരാധനാലയ നിയമം മസ്ജിദുകൾ ഏറ്റെടുക്കുന്നതിന് തടസ്സമല്ല -അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം സംരക്ഷിക്കുന്ന 1991ലെ ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമം, റോഡ് വികസനം പോലുള്ള പൊതു ആവശ്യങ്ങൾക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമല്ലെന്ന് അലഹബാദ് ഹൈക്കോടതി.

വാരണാസിയിലെ ദാൽമണ്ടി മേഖലയിൽ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ഭാഗമായുള്ള റോഡ് വികസനത്തിനായി സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് അരുൺ കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.

റോഡ് വികസന പദ്ധതി മൂലം തങ്ങളുടെ ഉപജീവനമാർഗ്ഗമായ കടകൾ പൊളിക്കപ്പെടുമെന്ന് കാണിച്ച് വാരണാസിയിലെ ആറ് മുസ്‍ലിം വ്യാപാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനുപുറമെ, ഈ മേഖലയിലുള്ള അഞ്ച് മസ്ജിദുകൾ (അഞ്ജുമൻ ഇന്തസാമിയ മസ്ജിദ്, മസ്ജിദ് രംഗിലെ ഷാ, മസ്ജിദ് അലി റാസ ഖാൻ, മസ്ജിദ് കരിമുള്ള ബേഗ്, മസ്ജിദ് നിസാരൻ, മസ്ജിദ് സംഗമർമർ) 1947 ആഗസ്റ്റ് 15ന് മുമ്പുള്ളതാണെന്നും, അതിനാൽ 1991ലെ നിയമപ്രകാരം ഇവ ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു.

ഹർജിക്കാരുടെ വാദം തള്ളിക്കൊണ്ടാണ് കോടതി നിയമത്തിന്റെ വ്യാപ്തി വ്യക്തമാക്കിയത്. 1991ലെ നിയമം നിലവിൽ വന്നത് ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം മാറ്റുന്നത് തടയാൻ വേണ്ടിയാണ്. ഒരു മതവിഭാഗത്തിന്റെ ആരാധനാലയം മറ്റൊരു മതവിഭാഗത്തിന്റേതാക്കി മാറ്റുന്നതിനെയാണ് ഈ നിയമം വിലക്കുന്നത്. എന്നാൽ, റോഡ് വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പൊതു ആവശ്യങ്ങൾക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെ ഈ നിയമം ഒരുതരത്തിലും തടയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ഇതോടൊപ്പം, 1995ലെ വഖഫ് നിയമത്തിലെ 51ാം വകുപ്പും കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോർഡുമായി കൂടിയാലോചിച്ചും മറ്റ് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ പാലിച്ചുകൊണ്ടും പൊതു ആവശ്യങ്ങൾക്കായി വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാൻ ഈ വകുപ്പ് അനുവാദം നൽകുന്നുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.

ഈ പൊളിക്കൽ നടപടി ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന ഹർജിക്കാരുടെ വാദം ‘അസാധാരണമാണ്’എന്ന് കോടതി വിശേഷിപ്പിച്ചു. മസ്ജിദുകളുടെ മുത്തവല്ലികളോ (പരിപാലകർ) ഉടമകളോ അല്ലാത്ത, വെറും വാടകക്കാരായ ഹർജിക്കാർക്ക് ആരാധനാലയങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഹർജി നൽകാൻ നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

എങ്കിലും, ആരാധനാലയ നിയമം മസ്ജിദുകൾ ഏറ്റെടുക്കുന്നതിനെതിരെയുള്ള ഒരു ‘അജയ്യമായ കവചം’ ആണെന്ന ഹർജിക്കാരുടെ ശക്തമായ വാദത്തെ മാനിച്ചാണ് ഈ നിയമപ്രശ്നം പരിശോധിക്കാൻ കോടതി തയ്യാറായത്. ഭാവിയിൽ സംസ്ഥാന സർക്കാരിനോ, വഖഫ് ബോർഡിനോ, മസ്ജിദ് പരിപാലകർക്കോ നിയമപരമായ മാർഗ്ഗങ്ങളിലൂടെ പരിഹാരം തേടുന്നതിന് ഈ വിധി തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - 1991 Places of Worship Act not a barrier to acquiring mosques for public purpose: Allahabad High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.