ഉത്തർപ്രദേശിൽ 24 മണിക്കൂറിനുള്ളിൽ 5 പള്ളികൾ പൊളിക്കാൻ തുടങ്ങി; പ്രദേശത്ത് കനത്ത സുരക്ഷ, റോഡ് വികസന പദ്ധതിക്കായാണ് നടപടി

വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ നഗരവികസനത്തിന്‍റെയും റോഡ് വീതികൂട്ടലിന്‍റെയും ഭാഗമായി അഞ്ച് പള്ളികളുടെ ചില ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. വാരണാസിയിലെ പ്രശസ്തമായ ദൽമണ്ഡി റോഡ് വികസന പദ്ധതിയുടെ  ഭാഗമായാണ് ബുധനാഴ്ച മുതൽ ഈ നടപടികൾ ആരംഭിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വൻ സുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

മൈദാഗിൻ-ഗോഡോവ്ലിയ റൂട്ടിലെ കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാനും, കാശി വിശ്വനാഥ് ധാം ഗേറ്റ്4 ലേക്കുള്ള യാത്രാസൗകര്യം സുഗമമാക്കാനുമാണ് 224 കോടി രൂപയുടെ ഈ വികസന പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ കടുത്ത തിരക്കുള്ള 650 മീറ്റർ നീളമുള്ള ദൽമണ്ഡി സ്ട്രീറ്റ് 17.4 മീറ്റർ വീതിയിലുള്ള റോഡാക്കി മാറ്റുകയാണ് ലക്ഷ്യം. 2025 ആഗസ്റ്റ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടത്.

പദ്ധതിക്കായി പൂർണ്ണമായോ ഭാഗികമായോ ഏറ്റെടുക്കാൻ 187 സ്വത്തുക്കളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ആറ് പള്ളികളും ഉൾപ്പെടുന്നു. മിർസ കരീമുല്ല ബേഗ് മസ്ജിദ്, നസാറൻ കി മസ്ജിദ്, രംഗീലേ ഷാ മസ്ജിദ്, അലി റാസ മസ്ജിദ്, സംഗ്മർമർ മസ്ജിദ് എന്നീ അഞ്ച് പള്ളികളുടെ ഭാഗങ്ങളാണ് ഇപ്പോൾ പൊളിച്ചുനീക്കുന്നത്.

ലംഗ്‌ഡെ ഹാഫിസ് മസ്ജിദ് കമ്മിറ്റി ഭൂമി ഏറ്റെടുക്കൽ നടപടിയെ ചോദ്യം ചെയ്ത് അലഹബാദ് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാൽ ബാക്കി അഞ്ച് പള്ളികളുടെയും മാനേജിങ് കമ്മിറ്റികൾ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ റോഡിനായി ആവശ്യമായ ഭാഗങ്ങൾ വിട്ടുനൽകാൻ സമ്മതിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. മതപരമായ വികാരങ്ങളെ മാനിച്ചുകൊണ്ട് മുഹറം ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് പൊളിക്കൽ നടപടികളിലേക്ക് അധികൃതർ കടന്നത്.

പ്രദേശത്ത് സമാധാനം ഉറപ്പാക്കാൻ ലോക്കൽ പൊലീസ്, പി.എ.സി (PAC), സി.ആർ.പി.എഫ് (CRPF), ആർ.എ.എഫ് (RAF) എന്നിവരുൾപ്പെടെ 1,860 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ദൽമണ്ഡി പ്രദേശം പൂർണമായും അടക്കുകയും മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പ്രവേശനം നിയന്ത്രിക്കാൻ പ്രവേശന കവാടങ്ങളിൽ ടിൻ ഷീറ്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ചൗക്ക് പൊലീസ് സ്റ്റേഷന് പിന്നിലുള്ള ചരിത്രപ്രസിദ്ധമായ മിർസ കരിമുള്ള ബെഗ് മസ്ജിദിലാണ് ആദ്യം പൊളിക്കൽ തുടങ്ങിയത്. റോഡ് അലൈൻമെന്റിൽ വരുന്ന ഭാഗങ്ങൾ മാത്രമാണ് നീക്കം ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ പള്ളി കമ്മിറ്റി പ്രതിനിധികളും സ്ഥലത്തുണ്ടായിരുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ പൊളിക്കുന്നത് തങ്ങളുടെ മതപരമായ പൈതൃകം നഷ്ടപ്പെടുത്തുമോ എന്ന ആശങ്ക പ്രാദേശിക ജനവിഭാഗങ്ങൾ പങ്കുവെക്കുന്നുണ്ട്. വികസനത്തിന്റെ പേരിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ലക്ഷ്യമിടുകയാണെന്ന് ചില പ്രാദേശിക സംഘടനകൾ ആരോപിച്ചു. നിയമപരമായ നടപടികളോട് സഹകരിക്കുമെന്നും എന്നാൽ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളെ ചെറുക്കുമെന്നും കരീമുല്ല ബേഗ് മസ്ജിദിലെ ജീവനക്കാരൻ പറഞ്ഞു.

എന്നാൽ, റോഡ് വികസനത്തിന് തടസ്സമാകുന്ന ഭാഗങ്ങൾ മാത്രമാണ് നീക്കം ചെയ്യുന്നതെന്നും പള്ളികളുടെ പ്രധാന പ്രാർഥനാ ഹാളുകൾക്കൊന്നും കേടുപാടുകൾ സംഭവിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. പള്ളി കമ്മിറ്റികളുടെ മുൻകൂർ അനുമതിയോടെയാണ് നടപടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഏറ്റെടുത്ത വസ്തുവകകൾക്കുള്ള നഷ്ടപരിഹാരം പൊതുമരാമത്ത് വകുപ്പ് (PWD) നൽകി വരികയാണ്. പള്ളികളുടെ ഭൂമി ഒഴിവാക്കി, ഇതുവരെ 105 പ്രോപ്പർട്ടികൾക്കായി 62 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. പദ്ധതിയുടെ 75 ശതമാനത്തിലധികം ജോലികളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.

Tags:    
News Summary - Five Mosques Demolished Amid Heavy Security With in 24 hrs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.