ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിക്കുകയും, വ്യാജരേഖകൾ ചമക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം. സമാനമായ രീതിയിൽ തട്ടിപ്പിനിരയായവർ ഇനിയും ഉണ്ടോ എന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
രോഹിണി കോടതിയിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഗൗരവ് കതാരിയയാണ് ഇതുസംബന്ധിച്ച സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരതി കോളജിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറായ 28 കാരിയാണ് പരാതിക്കാരി. ഡൽഹി സർവകലാശാലയിലെ രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാർ തനിക്ക് ജോലി വാഗ്ദാനം ചെയ്യുകയും അതിനായി ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് നിർബന്ധിക്കുകയും, ഒരു ലക്ഷം രൂപ തട്ടിയെടുക്കയും ചെയ്തെന്നാണ് ഇവരുടെ പരാതി. പിന്നീട് 2023ൽ യുവതിക്ക് അസിസ്റ്റന്റ് പ്രൊഫസറായി നിയമനവും ലഭിച്ചു.
എന്നാൽ 2024ൽ കോളജ് പ്രിൻസിപ്പൽ യുവതിയെ വിളിച്ച് ഞെട്ടിപ്പിക്കുന്ന വിവരം അറിയിച്ചു. യുവതി സമർപ്പിച്ച ഗവേഷണ ലേഖനങ്ങളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ അവ വ്യാജമാണെന്ന് കണ്ടെത്തിയെന്നായിരുന്നു പ്രിൻസിപ്പലിന്റെ വെളിപ്പെടുത്തൽ. ഇതിനെത്തുടർന്ന് യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. താൻ വലിയൊരു വഞ്ചനക്ക് ഇരയായി എന്ന് മനസ്സിലാക്കിയതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
അധ്യാപന മേഖലയിലെ ഉന്നത പദവികൾ ദുരുപയോഗം ചെയ്ത് നടത്തിയ ഈ തട്ടിപ്പ് വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യതയെ വലിയ രീതിയിൽ ബാധിക്കുന്ന ഒന്നാണ്. കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരിയും നിയമവൃത്തങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.