ന്യൂഡൽഹി: പരീക്ഷകളിൽ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും തടയുന്നത് ദേശീയ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ വ്യക്തമാക്കിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചക്ക് ഉത്തരവാദികളായവർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുമെന്നും, കുറ്റമറ്റ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കാൻ കൂട്ടായ ശ്രമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും രാജ്യത്തിന്റെ ഭാവി മുൻനിർത്തിയും യുവാക്കളുടെ ക്ഷേമത്തിനായി എല്ലാ എം.പിമാർക്കും പങ്കാളിത്ത ഉത്തരവാദിത്തമുണ്ടെന്നും സഭയിൽ പ്രതിപക്ഷം സഹകരിക്കണമെന്നും എൻ.ഡി.എ പങ്കാളികൾ ഐക്യത്തോടെ നിലകൊള്ളണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പരീക്ഷ ചോർച്ച റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ സർക്കാർ നടപടിയെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികളുടെ ഭാവി ബാധിക്കാതിരിക്കാൻ കാലതാമസമില്ലാതെ പുനഃപരീക്ഷ നടത്തിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർഥി പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. തൊഴിൽരഹിതരായ യുവാക്കളെ ‘പാറ്റകൾ’ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉപമിച്ച പരാമർശത്തെ തുടർന്ന് മേയിൽ ഉയർന്നുവന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
സി.ജെ.പി പ്രസ്ഥാനത്തിന് പിന്തുണയർപ്പിച്ച് 21 ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ശനിയാഴ്ച പോലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇതിനിടെ, സി.ബി.എസ്.ഇ ഓൺലൈൻ മാർക്കിങ് സിസ്റ്റത്തിലെ തരാതരം തിരിക്കലുകളും തെറ്റായ ഗ്രേഡിംഗുകളും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ തിങ്കളാഴ്ച പാർലമെന്റിന്റെ മൺസൂൺ സെഷന് മുന്നോടിയായി നടത്തിയ പൊതുപ്രസംഗത്തിൽ പ്രധാനമന്ത്രി സമരം ചെയ്യുന്ന വിദ്യാർഥിളെക്കുറിച്ച് പരാമർശിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.