രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ‍യശ്വന്ത് സിൻഹ പത്രിക നൽകി; അനുഗമിച്ച് പ്രതിപക്ഷ നേതാക്കൾ

ന്യൂഡൽഹി: പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർഥി യശ്വന്ത് സിൻഹ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർ.എൽ.ഡി തലവൻ ജയന്ത് ചൗധരി, മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ് എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക നൽകിയത്.

ടി.എം.സി, കോൺഗ്രസ്, സി.പി.ഐ, സി.പി.എം, ശിവസേന, എൻ.സി.പി, എസ്.പി, ഡി.എം.കെ, ആർ.ജെ.ഡി, നാഷനൽ കോൺഫറൻസ്, പി.ഡി.പി, എ.ഐ.എം.ഐ.എം തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് സിൻഹ മത്സരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥിയായി ദ്രൗപതി മുർമു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമെത്തി പത്രിക സമർപ്പിച്ചിരുന്നു.

പ്രതിപക്ഷ ഐക്യത്തിന്‍റെ വേദികൂടിയായി പത്രിക സമർപ്പണം. രാവിലെ യശ്വന്ത് സിൻഹക്ക് തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമുവിനേക്കാൾ ഭരണഘടനയെ കൂടുതൽ ചേർത്തുപിടിച്ച് പ്രവർത്തിക്കുമെന്ന് സിൻഹ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ദ്രൗപതി മുർമുവുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈമാസം 29 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 18നാണ് തെരഞ്ഞെടുപ്പ്.

Tags:    
News Summary - Presidential election: Yashwant Sinha gets a jolt from 8 opposition parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.