ന്യൂഡൽഹി: ഗാർഹിക ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വൈദ്യുതി മേഖലയിൽ പ്രീ പെയ്ഡ് മീറ്റർ സംവിധാനവുമായി കേന്ദ്ര സർക്കാർ. ചെറുകിട ഉപഭോക്താക്കൾക്ക് പ്രീപെയ്ഡ് മീറ്ററും വലിയ ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്ററും നടപ്പാക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾക്ക് നിർബന്ധമാക്കുന്ന തരത്തിലാണ് ഇൗ പരിഷ്കരണം നടപ്പാക്കുന്നത്. വൈദ്യുതി മേഖലയിൽ സ്വകാര്യവത്കരണ വാതിൽ പൂർണമായും തുറക്കുന്നത് കൂടിയാണ് നടപടി.
കമ്പനികളുടെ പ്രസരണ നഷ്ടം, ബില്ലിങ്ങിലെ മനുഷ്യ ഇടപെടൽ എന്നിവയെ ചൊല്ലിയുള്ള പരാതികൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് പരിഷ്കരണെമന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. ഇത് നടപ്പാക്കുന്നതോടെ എല്ലാ സംസ്ഥാനങ്ങളിലെയും ഒാരോ ചെറുകിട ഉപഭോക്താവും പ്രീ പെയ്ഡ് മീറ്റർ സ്ഥാപിക്കുന്നത് നിർബന്ധമായി തീരും. മൊബൈൽ ഫോണുകളിലേതിന് സമാനമായി ആവശ്യമുള്ളപ്പോൾ ഒരു ചെറിയ തുകക്ക് നിശ്ചിത കാലപരിധിക്ക് വൈദ്യുതി ചാർജ്ജ് ചെയ്യാം. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉൗർജ്ജ മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്ര ഉൗർജ സഹമന്ത്രി രാജ്കുമാർ സിൻഹ പരിഷ്കരണ നടപടികൾ പ്രഖ്യാപിച്ചത്.
എന്നാൽ, 24 മണിക്കൂറും വൈദ്യുതി ലഭിക്കുക എന്ന ഉപഭോക്താവിെൻറ അവകാശമാണ് ഇതോടെ ഇല്ലാതാക്കപ്പെടുന്നതെന്ന് ഉൗർജ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാവങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. മുൻകൂട്ടി അടച്ച തുക അത്യാവശ്യ ഘട്ടത്തിലെ കൂടുതൽ വൈദ്യുതി ഉപഭോഗം കാരണം തീരുകയോ അടക്കാൻ കാശ് ഇല്ലാതെ വരുകയോ ചെയ്താൽ വീടു തന്നെ ഇരുട്ടിലാവും. കടുത്ത തണുപ്പും ഉഷ്ണവുമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാവും ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുക. പ്രീ പെയ്ഡ് മൊബൈൽ ഫോണുകളിലേതുപോലെ ചാർജ് ചെയ്യുന്ന തുകക്ക് മുഴുവൻ വൈദ്യുതി ലഭിക്കുകയും ഇല്ല.
ഉപയോഗിച്ചില്ലെങ്കിലും അടച്ച തുക കാലാവധി കഴിയുേമ്പാൾ തീരുന്നതോടെ വീണ്ടും റീ ചാർജ് ചെയ്യേണ്ടിവരും. ജി.എസ്.ടി കൂടി വൈദ്യുതി മേഖലയിൽ നടപ്പാക്കാൻ സാധ്യത ഉണ്ടെന്നിരിക്കെ സർവിസ് തുകയടക്കം ഉപഭോക്താവിെൻറ ചുമലിലാവും. സംസ്ഥാനങ്ങളിലെ ബോർഡുകളെ ഒഴിവാക്കി സ്വകാര്യ വൈദ്യുതി കമ്പനികൾക്ക് കൂടുതൽ അവസരം തുറക്കാനും ഇത് ഇടനൽകും. എ.കെ. ആൻറണി സർക്കാറിെൻറ കാലത്ത് കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ചതും പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഒഴിവാക്കിയതുമാണ് ഇൗ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.