പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വോട്ടെടുപ്പ് നയതന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ പ്രശാന്ത് കിഷോറിന്റെ പേര് രണ്ട് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ. പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലാണ് പ്രശാന്ത് കിഷോറിന് വോട്ട്. ജനസുരജ് പാർട്ടിയുടെ ലേബലിലാണ് അദ്ദേഹം ജനവിധി തേടുന്നത്.
മുഖ്യമന്ത്രി മമത ബാനർജിയുടെ നിയമസഭാ മണ്ഡലമായ ഭബാനിപൂരിലെ തൃണമൂൽ കോൺഗ്രസ് ഓഫിസ് സ്ഥിതി ചെയ്യുന്ന ‘121 കാളിഘട്ട് റോഡ്’ എന്നാണ് ബംഗാളിലെ പട്ടികയിൽ അദ്ദേഹത്തിന്റെ വിലാസം. ബി റാണിശങ്കരി ലെയ്‌നിലെ സെന്റ് ഹെലൻ സ്‌കൂൾ ആണ് പോളിങ് സ്റ്റേഷൻ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിഷോർ തൃണമൂലിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു.
ബിഹാറിൽ, കാർഗഹാർ നിയമസഭാ മണ്ഡലത്തിലെ ‘സസാരം’ പാർലമെന്ററി മണ്ഡലത്തിൽ വോട്ടറായും പേരുണ്ട്. റോഹ്താസ് ജില്ലക്ക് കീഴിലുള്ള കൊണാറിലെ സ്കൂൾ ആണ് അദ്ദേഹത്തിന്റെ പോളിങ് സ്റ്റേഷൻ. കൊണാർ കിഷോറിന്റെ പിതൃഗ്രാമമാണ്.
അഭിപ്രായം തേടിയുള്ള കോളുകൾക്കും സന്ദേശങ്ങൾക്കും കിഷോർ മറുപടി നൽകിയില്ലെങ്കിലും ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷമാണ് ബിഹാറിൽ വോട്ടറായി മാറിയതെന്ന് അദ്ദേഹത്തിന്റെ ടീമിലെ ഒരു മുതിർന്ന അംഗം പറഞ്ഞു. തന്റെ ബംഗാൾ വോട്ടർ കാർഡ് റദ്ദാക്കാൻ കിഷോർ അപേക്ഷിച്ചിട്ടുണ്ടെങ്കിലും അപേക്ഷയുടെ നിലയെക്കുറിച്ച് അറിയിപ്പൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായം തേടിയുള്ള ചോദ്യങ്ങളോട് ബിഹാറിന്റെ ചീഫ് ഇലക്ടറൽ ഓഫിസർ വിനോദ് സിങ് ഗുഞ്ചിയാൽ പ്രതികരിച്ചില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 17 പ്രകാരം, ഒന്നിലധികം നിയോജക മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ ഒരു വ്യക്തിക്കും അർഹതയില്ല. ഒരേ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഒരു വ്യക്തിയും ഒന്നിലധികം തവണ രജിസ്റ്റർ ചെയ്യാൻ പാടില്ല എന്ന് സെക്ഷൻ 18 നിർദേശിക്കുന്നു. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, താമസസ്ഥലം മാറ്റുന്നതിനോ പിശകുകൾ തിരുത്തുന്നതിനോ ഉള്ള തെരഞ്ഞെടുപ്പ് കമീഷന്റെ ‘ഫോം 8’ പൂരിപ്പിച്ച് വോട്ടർക്ക് അവരുടെ എൻറോൾമെന്റ് മാറ്റാൻ കഴിയും.
അമേസമയം, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർമാർ രജിസ്റ്റർ ചെയ്യുന്നത് അപൂർവമല്ല. ബിഹാറിൽ തുടങ്ങി രാജ്യത്ത് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണം നടത്താനുള്ള ഒരു കാരണമായി തെരഞ്ഞെടുപ്പ് കമീഷൻ ഇതിനെ ഉദ്ധരിച്ചിട്ടുണ്ട്. ‘ചില വോട്ടർമാർ ഒരു സ്ഥലത്ത് രജിസ്ട്രേഷൻ നേടുകയും പിന്നീട് താമസസ്ഥലം മാറ്റുകയും പ്രാരംഭ താമസ സ്ഥലത്തെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഇല്ലാതാക്കാതെ തന്നെ മറ്റൊരു സ്ഥലത്ത് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു. ഇത് വോട്ടർ പട്ടികയിൽ ആവർത്തിച്ചുള്ള എൻട്രികൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു’വെന്ന് ജൂൺ 24 ലെ എസ്.ഐ.ആറിനായുള്ള ഉത്തരവിൽ കമീഷൻ പറഞ്ഞിരുന്നു.
കിഷോറിന്റെ ജൻ സൂരജ് പാർട്ടി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിലും മത്സരിക്കുന്നു. തുടക്കത്തിൽ, കർഗഹാർ നിയമസഭാ സീറ്റിൽ നിന്ന് കിഷോർ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അദ്ദേഹം രാഘോപൂരിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പിന്നീട് പെട്ടെന്ന് അദ്ദേഹം മത്സരിക്കാനുള്ള ആശയം ഉപേക്ഷിച്ചു.
ഈ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, സ്ഥാനാർത്ഥികളുടെ വലിയ താൽപര്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നത് പാർട്ടിയുടെ ഏകകണ്ഠമായ തീരുമാനമാണെന്നാണ് കിഷോർ വ്യക്തമാക്കിയത്. പാർട്ടിയുടെ പിന്തുണാ അടിത്തറ ശക്തിപ്പെടുത്തുന്നതിലും സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിലും താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പറയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.