ചെന്നൈ: കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം നിലവിലെ 543ൽ തന്നെ സ്ഥിരപ്പെടുത്തണമെന്നും സംസ്ഥാനങ്ങൾക്കുള്ള സീറ്റ് വിഭജനം നിലവിലെ അനുപാതത്തിൽ തന്നെ തുടരണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ് പ്രമേയം.
ആകെ ലോക്‌സഭാ അംഗങ്ങളുടെ എണ്ണം നിലവിലെ 543 ആയി സ്ഥിരമായി നിലനിർത്തണം. സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് വിഭജനം നിലവിലെ അനുപാതത്തിൽ തന്നെ തുടരണം. ജനസംഖ്യയും സംസ്ഥാനങ്ങളും തമ്മിലുള്ള നിലവിലെ 2.2:1 അനുപാതം നിലനിർത്തണം. നിലവിലുള്ള 543 മണ്ഡലങ്ങളെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കണം എന്നിവയാണ് പ്രമേയത്തിലൂടെ തമിഴ്‌നാട് സർക്കാർ കേന്ദ്ര സർക്കാരിന് മുന്നിൽവെച്ച നാല് പ്രധാന ആവശ്യങ്ങൾ.
ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറക്കുമെന്ന ആശങ്കയും തമിഴ്നാട് മുന്നോട്ടുവെച്ചു. ജനസംഖ്യ നിയന്ത്രണം, വികസനം തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങൾക്ക് പുതിയ മണ്ഡല പുനർനിർണയം ശിക്ഷയായി മാറരുതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. നിലവിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള ലോക്സഭാ സീറ്റ് വിഭജനം മാറ്റമില്ലാതെ തുടരണമെന്നാണ് പ്രമേയത്തിലെ മറ്റൊരു പ്രധാന ആവശ്യം. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളുടെ നിലവിലെ അനുപാതം സംരക്ഷിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെടുന്നു.
ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം 2029ലെ തെരഞ്ഞെടുപ്പിൽ തന്നെ നടപ്പാക്കണമെന്നും വിജയ് പറഞ്ഞു. നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. മണ്ഡല പുനർനിർണയത്തിന്റെ പേരിൽ വനിതാ സംവരണം വൈകിപ്പിക്കരുതെന്നാണ് നിലപാട്. മണ്ഡല പുനർനിർണയത്തെക്കുറിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തണമെന്നും തമിഴ്നാട് നിയമസഭാ പ്രമേയം ആവശ്യപ്പെടുന്നു.
വനിതാ സംവരണം എന്നത് ആരുടെയും ഔദാര്യമല്ല, മറിച്ച് സ്ത്രീകളുടെ ജനാധിപത്യപരമായ അവകാശവും സാമൂഹിക നീതിയുടെ ഭാഗവുമാണെന്ന് വിജയ് പറഞ്ഞു. തമിഴ്‌നാട്ടിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാ സംവരണം നടപ്പിലാക്കുന്നതിൽ ഇനിയൊരു താമസം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം തങ്ങളുടെ പാർട്ടിയുടെ നിലപാടിനോട് ചേർന്നുനിൽക്കുന്നതാണെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. മുൻകാലങ്ങളിൽ ഇത്തരം നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് തമിഴ്‌നാടിന് 39 സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞതെന്ന് ഇളങ്കോവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.