ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിൽ പാകിസ്താന്റെ ഭീകര കേന്ദ്രങ്ങൾക്കെതിരെ രാജ്യത്തിന് മേൽക്കൈ നൽകിയ ബ്രഹ്മോസ് മിസൈലുകൾ വാങ്ങിക്കൂട്ടാനൊരുങ്ങി ഇന്ത്യൻ സേന. നാവികസേനയുടെ യുദ്ധക്കപ്പലുകളിലേക്കും കര, വ്യോമ മാർഗം വിക്ഷേപിക്കാൻ കഴിയുന്നതുമായ മിസൈലുകളാണ് വാങ്ങുന്നത്. ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിക്കുന്ന ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈലുകൾ വാങ്ങാനുള്ള അനുമതിക്കായി പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതലയോഗം ഉടൻ ചേരുമെന്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
നാവികസേനയുടെ വീർ ക്ലാസ് യുദ്ധക്കപ്പലുകളിലും വ്യോമസേനയുടെ റഷ്യൻ നിർമിത സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനങ്ങളിലുമാകും ബ്രഹ്മോസ് വിന്യസിക്കുക. പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി പാകിസ്താൻ ഭീകര, സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യയുടെ തിരിച്ചടി, ഓപറേഷൻ സിന്ദൂറിൽ ബ്രഹ്മോസ് മിസൈലുകൾ നിർണായക പങ്കുവഹിച്ചിരുന്നു.
നിലവിൽ ബ്രഹ്മോസ് മിസൈലിനായി ഫിലിപ്പീൻസ് ഇന്ത്യയുമായി കരാറൊപ്പിട്ടിട്ടുണ്ട്. 3.75 കോടി ഡോളര്‍ (328.17 കോടി ഇന്ത്യന്‍ രൂപ) ഇടപാടാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ഇതനുസരിച്ച് രണ്ടാമത് ബാച്ച് ബ്രഹ്മോസ് മിസൈലുകളുടെ കൈമാറ്റം കഴിഞ്ഞ ഏപ്രിലിൽ നടന്നിരുന്നു. ഫിലിപ്പീന്‍സിന് പുറമെ ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ബ്രസീല്‍, ഈജിപ്ത് എന്നിങ്ങനെ രാജ്യങ്ങളും ബ്രഹ്മോസിനായി താൽപര്യമറിയിച്ചിട്ടുണ്ട് ഇവരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഓപറേഷൻ സിന്ദൂറിൽ തദ്ദേശീയമായി നിർമിച്ച ബ്രഹ്മോസ് മിസൈലുകളുടെ പ്രകടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രശംസിച്ചിരുന്നു. അടുത്തിടെ, ലഖ്നോവിൽ തുടങ്ങിയ പുതിയ കേന്ദ്രത്തിന് പ്രതിവര്‍ഷം 80 മുതല്‍ 100 സൂപ്പര്‍സോണിക് ബ്രഹ്മോസ് നിര്‍മിക്കാനുള്ള ശേഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.