കർണാടകയിൽ പോളിങ് ഉയർന്നു

ബംഗളൂരു: കർണാടകയിൽ 28 മണ്ഡലങ്ങളിലെ 14 എണ്ണത്തിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം ഉയർന്നു. കഴിഞ്ഞതവണ ഒന്നാംഘട്ടത്തിൽ 68.96 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത്തവണ 67 ശതമാനം പിന്നിട്ടു. അന്തിമ കണക്കിൽ ഇത് ഇനിയും ഉയരും.

അതേസമയം, ദക്ഷിണ കന്നട ബെൽത്തങ്ങാടിയിലെ ആദിവാസി ഊരായ ബഞ്ചരുമലെയിൽ 100 ശതമാനം വോട്ടുരേഖപ്പെടുത്തി. സംസ്ഥാനത്ത് മുഴുവൻ വോട്ടും രേഖപ്പെടുത്തിയ ഏക ബൂത്തും ഇതാണ്. ചാമരാജ് നഗറിനടുത്ത് ഇന്ദിഗണത വില്ലേജിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ഒരുകൂട്ടം നാട്ടുകാർ പോളിങ് ബൂത്ത് അടിച്ചുതകർത്തു. ഇ.വി.എമ്മുകൾ പൂർണമായും നശിപ്പിച്ചു. പ്രതിഷേധത്തിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വോട്ടർക്കും പരിക്കേറ്റു. ഗ്രാമത്തിൽ അടിസ്ഥാന സൗകര്യ വികസനമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലമാണ് ചാമരാജ് നഗർ. ബൂത്ത് തകർത്തവർ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്ന് കർണാടക അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ വെങ്കടേശ് കുമാർ പറഞ്ഞു. വികസനമില്ലായ്മ ചൂണ്ടിക്കാട്ടി ചിത്രദുർഗയിലും ബഹിഷ്കരണം നടന്നു. യെരഹള്ളി, സിദ്ധാപുര ഗ്രാമത്തിലുള്ളവരാണ് പോളിങ് ബഹിഷ്കരിച്ചത്. 150 വീടുകളുള്ള ഗ്രാമത്തിൽ നിന്നും ആകെ നാലു പേരാണ് വോട്ട് ചെയ്തത്. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുത്തതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഇരുസമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിച്ചതിന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിക്കെതിരെ ചിക്കമഗളൂരുവിലും മതം പറഞ്ഞ് വോട്ടുതേടുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യക്കെതിരെ ജയനഗറിലും പൊലീസ് കേസെടുത്തു.

ചിക്കബല്ലാപുര ബി.ജെ.പി സ്ഥാനാർഥി കെ. സുധാകറിൽനിന്ന് 4.8 കോടി രൂപ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടിച്ചെടുത്തു. വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതിന് സുധാകറിനെതിരെ മദനായ്ക്കനഹള്ളി പൊലീസ് കേസെടുത്തു.

ഡ്യൂട്ടിക്കിടെ പോളിങ് ഓഫിസർ മരിച്ചു

ബംഗളൂരു: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വനിത പോളിങ് ഓഫിസർ ഹൃദയാഘാതംമൂലം മരിച്ചു. ചല്ലക്കെരെ താലൂക്കിൽ ഹൊട്ടപ്പനഹള്ളി വില്ലേജിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുകയായിരുന്ന യശോധാം (58) ആണ് മരണപ്പെട്ടത്. ബൊമ്മസാന്ദ്രയിൽ ഗവ. സ്കൂൾ അധ്യാപികയായിരുന്നു.

Tags:    
News Summary - Polling has increased in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.