കൊച്ചി: അനധികൃതകാലിക്കടത്ത് ആരോപിച്ച് മലയാളിക്ക് നേരെ വെടിയുതിർത്ത് കർണാടക പൊലീസ്. ദക്ഷിണകന്നഡയിലെ പുത്തുർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാസർകോട് സ്വദേശി അബ്ദുല്ലക്കാണ് വെടിയേറ്റത്. ഇയാൾ അനധികൃതമായി കന്നുകാലികളെ കടത്തുകയായിരുന്നുവെന്ന് കർണാടക പൊലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. പത്തോളം കന്നുകാലികളുമായാണ് അബ്ദുല്ലയുടെ വാഹനം എത്തിയത്. ഈ വാഹനം പൊലീസ് തടഞ്ഞുവെങ്കിലും നിർത്താതെ അബ്ദുല്ല ഓടിച്ച് പോവുകയായിരുന്നു. ഉടൻ തന്നെ പൊലീസ് വാഹനത്തെ പിന്തുടർന്നു. ഇതിനിടെ പൊലീസ് ജീപ്പിലും അബ്ദുല്ല വാഹനമിടിപ്പിച്ചു. ഒടുവിൽ പൊലീസ് അബ്ദുല്ലക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണ അബ്ദുല്ലക്ക് നേരെ പൊലീസ് വെടിയുതിർത്തു.
ആദ്യതവണ വാഹനത്തിലാണ് വെടികൊണ്ടതെങ്കിൽ രണ്ടാമതുണ്ടായ വെടിവെപ്പിൽ അബ്ദുല്ലയുടെ കാലിന് പരിക്കേറ്റു. മിനി ട്രക്കിൽ അബ്ദുല്ലക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ അബ്ദുല്ലയെ ചികിത്സക്കായി മംഗലാപുരത്തെ വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. അബ്ദുല്ലക്കെതിരെ മുമ്പും സമാനമായ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഗോവധ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഇയാൾക്കെതിരെ കർണാടക സർക്കാറിന്റെ പശുസംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്നും കർണാടക പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.