പരീക്ഷാപ്പേടിയിൽ വീടുവിട്ട വിദ്യാർഥിയെ പൊലീസ് കണ്ടെത്തി

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഫറംഗിപേട്ട സ്വദേശിയും മംഗളൂരു പി.യു കോളജ് രണ്ടാം വർഷ വിദ്യാർഥിയുമായ ദിഗന്തിന്റെ (18) തിരോധാനത്തിന് പിന്നിൽ പരീക്ഷാപ്പേടിയെന്ന് പൊലീസ്. ശനിയാഴ്ച ഉഡുപ്പിയിൽ നിന്ന് കണ്ടെത്തിയ ദിഗന്തിനെ ചോദ്യം ചെയ്തപ്പോഴാണ് കാരണം വ്യക്തമായതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് എൻ. യതീഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഫെബ്രുവരി 25നാണ് വിദ്യാർഥിയെ കാണാതായത്. ഇതിനെത്തുടർന്ന് ബി.ജെ.പി ബന്ദ് ഉൾപ്പെടെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തന്റെ മണ്ഡലത്തിലെ സംഭവം സ്പീക്കർ യു.ടി. ഖാദർ നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. പരീക്ഷാഭീതിയിൽ വീടുവിട്ടതാവാം എന്ന പൊലീസ് നിഗമനം ശരിവെക്കുന്നതാണ് വിദ്യാർഥിയുടെ മൊഴിയെന്ന് എസ്.പി പറഞ്ഞു.

കാണാതായെന്ന പരാതി ലഭിച്ചയുടനെ ബണ്ട്വാൾ ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതീക്ഷിച്ചപോലെ തയാറെടുക്കാത്തതിനാൽ പി.യു പരീക്ഷയെ ദിഗന്ത് ഭയപ്പെട്ടിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ 80 ശതമാനം മാർക്കായിരുന്നു ദിഗന്ത് നേടിയത്. 

 

കാണാതായ ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയ ദിഗന്ത് റെയിൽവേ ട്രാക്കിലൂടെ അർകുല മെയിൻ റോഡിലേക്ക് നടന്നു. തുടർന്ന് മറ്റൊരാളുടെ ബൈക്കിന് പിന്നിൽ കയറി മംഗളൂരുവിലെ സ്വകാര്യ ബസ് സ്റ്റാൻഡിലെത്തി. അവിടെ നിന്ന് ബസിൽ ശിവമോഗയിലേക്കും പിന്നീട് ട്രെയിനിൽ മൈസൂരുവിലേക്കും തുടർന്ന് ടിക്കറ്റില്ലാതെ കെങ്കേരിയിലേക്കും സഞ്ചരിച്ചു. നന്തി ഹിൽസിൽ എത്തി റിസോർട്ടിൽ ജോലി ചെയ്തു. മൈസൂരുവിൽ നിന്ന് മുരുഡേശ്വര എക്സ്പ്രസ് ട്രെയിനിൽ കയറി ഉഡുപ്പിയിൽ ഇറങ്ങി. ഉഡുപ്പിയിൽ ഷോപ്പിങ് സെന്ററിൽ പണമില്ലാതെ പ്രയാസപ്പെട്ട അവസ്ഥയിലാണ് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്.

വീടുവിട്ട ആദ്യദിനം റയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച ചെരിപ്പുകളിൽ കണ്ടെത്തിയ രക്തക്കറ കാലിൽ സ്വയം ഏല്പിച്ച പരിക്കിൽ നിന്നുള്ളതാണ്. മൊബൈൽ ഫോണും അവിടെ ഉപേക്ഷിച്ചിരുന്നു. പൊലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടായെന്ന ആരോപണങ്ങൾ എസ്.പി തള്ളി. സജീവമായ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. 150 പേരടങ്ങുന്ന ഏഴ് സംഘങ്ങൾ തെരച്ചിൽ നടത്തിയെന്നും എസ്.പി പറഞ്ഞു.

അതേസമയം, ദിഗന്ത് മയക്കുമരുന്ന് മാഫിയയുടെ ഇരയായി എന്ന പ്രചാരണം നടത്തിയ ബി.ജെ.പി, പൊലീസ് അനാസ്ഥ ആരോപിച്ച് പ്രതിഷേധ പരിപാടികളിലായിരുന്നു. മാർച്ച് ഒന്നിന് ബി.ജെ.പി, വി.എച്ച്.പി, ബജ്റംഗ്ദൾ എന്നിവ സംയുക്തമായി ഫറംഗിപേട്ടയിൽ ബന്ദാചരിക്കുകയും മംഗളൂരുവിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് യു.ടി. ഖാദർ പ്രശ്നം നിയമസഭയിൽ ഉന്നയിച്ചത്. 

Tags:    
News Summary - Police find student who left home due to exam fears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.