പൊലീസ് മർദനം: ബ്രിട്ടാസിന്റെ കത്ത് പരാതിയായി സ്വീകരിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: വോട്ടുകൊള്ളക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടയിൽ പൊലീസ് മർദനം ചൂണ്ടിക്കാട്ടി സി.പി.എം രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് കേസിന്റെ ഭാഗമായി കോടതി സ്വീകരിച്ചു. ഡൽഹിയിൽ സമരം ചെയ്യുന്നതിന് പൊലീസ് ഏർപ്പെടുത്തിയ വിലക്കുകൾക്കെതിരെ നേരത്തെ നിലവിലുള്ള കേസിനൊപ്പമാണ് ബ്രിട്ടാസിന്റെ കത്തും അപേക്ഷയായി ചേർത്തത്.
വോട്ടുകൊള്ളക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ, തനിക്ക് നേരിട്ട അനുഭവത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് അയച്ച കത്ത് കോടതി സ്വീകരിച്ചത് വലിയൊരു പ്രതീക്ഷയാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. സാധാരണക്കാരുടെ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് യാതൊരു പ്രകോപനവുമില്ലാതെ ബ്രിട്ടാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹി പൊലീസും സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ റോഡിലൂടെ 50 മീറ്ററോളം വലിച്ചിഴച്ചെന്നും കസ്റ്റഡിയിലെടുത്ത വാഹനത്തിൽ വെച്ച് മർദിച്ച ശേഷം വഴിയിൽ തള്ളിയെന്നുമാണ് പരാതി.
പൊലീസ് അതിക്രമത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജന്തർ മന്തറിലെ നിയന്ത്രണങ്ങൾക്കെതിരെ ഹരജി
ന്യൂഡൽഹി: ജന്തർമന്തറിലെ പ്രതിഷേധങ്ങൾക്കുള്ള നിയന്ത്രണങ്ങളും പൊതു പ്രകടനങ്ങൾക്കായി പുതിയ ഇടങ്ങൾ നിശ്ചയിച്ചതും ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹരജി. ഒക്‌ടോബർ 11നാണ് ഡൽഹി പൊലീസ് കമീഷണർ അനുരാഗ് കുമാർ ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. കിഴക്കൻ ഡൽഹിയിലെ രാംലീല, ബുരാരി, സി.ബി.ഡി എന്നീ മൈതാനങ്ങൾ പുതിയ വേദികളായി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ വേദികളുടെ ലഭ്യതയിലും ഇവ പരിപാടികൾ നടത്താൻ അനുയോജ്യമാണോ എന്നതിലും ആശങ്ക ഉയർത്തിയാണ് ഹരജി.
ജന്തർ മന്തറിനെ പ്രതിഷേധങ്ങൾക്കുള്ള സ്ഥലമായി സുപ്രീംകോടതി നേരത്തെ അംഗീകരിച്ചിരുന്നുവെന്നും രാംലീല മൈതാനം നിരസിച്ചിരുന്നുവെന്നും ഹരജിയിൽ പറയുന്നു. പുതുതായി അനുവദിച്ച സ്ഥലങ്ങൾ ഡൽഹിയിലെ മാലിന്യനിക്ഷേപ പ്രദേശങ്ങൾക്ക് സമീപമാണെന്നും ഹരജിയിൽ ആരോപിച്ചു. ഹരജിക്കാരനുവേണ്ടി ഡൽഹി ഹൈകോടതി മുൻ ജഡ്ജി മുക്ത ഗുപ്തയുടെ നേതൃത്വത്തിൽ അഭിഭാഷകർ ഹാജരാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.