ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യഘടകം; ചൈന എത്ര നിഷേധിച്ചാലും യാഥാർഥ്യം മാറില്ലെന്നും വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ലഡാക്ക് കേന്ദ്രഭരണ പ്രദേശം ഇന്ത്യയുടെ അവിഭാജ്യഘടമാണെന്ന് വീണ്ടും ഇന്ത്യ. ഈ യാഥാർഥ്യം ചൈന എത്ര നിഷേധിച്ചാലും മാറ്റാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലഡാക്കിലെ 28 ഭൂപ്രദേശങ്ങൾക്ക് ഔദ്യോഗികമായി പേരുകൾ നൽകിയതിൽ ചൈന എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. “ലഡാക്ക് കേന്ദ്രഭരണ പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകവും വേർപെടുത്താനാകാത്ത ഭാഗവുമാണ്. ചൈന എത്രത്തോളം നിഷേധിച്ചാലും ഈ യാഥാർഥ്യം മാറ്റാനാകില്ല” -വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. ലഡാക്കിലെ 28 സ്ഥലങ്ങൾക്കും ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കും പേരുകൾ നൽകാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനത്തെയും ജയ്‌സ്വാൾ ന്യായീകരിച്ചു.
ഒക്ടോബർ രണ്ടിനാണ് ലഡാക്കിലെ 28 സ്ഥലങ്ങൾക്കും ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കും ഔദ്യോഗിക പേരുകൾ നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ഭരണകൂടവുമായും പ്രാദേശിക ഭരണകൂടങ്ങളുമായും കൂടിയാലോചിച്ചാണ് സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ ഈ പേരുകൾ ഉൾപ്പെടുത്തിയത്. ഈ സ്ഥലങ്ങളെ കൃത്യമായി തിരിച്ചറിയുന്നതിനും പൊതുജനങ്ങളുടെ അവബോധം വർധിപ്പിക്കുന്നതിനുമാണ് ഈ നടപടിയെന്ന് ജയ്‌സ്വാൾ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയ ലക്ഷ്യങ്ങൾ അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ നീക്കം “നിയമവിരുദ്ധവും അസാധുവുമാണെന്നും” പറഞ്ഞാണ് ചൈന വിമർശിച്ചത്. ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ച 28 ഭൂമിശാസ്ത്രപരമായ സവിശേഷതകളിൽ 10 കൊടുമുടികൾ, രണ്ട് ചുരങ്ങൾ, മൂന്ന് പർവതങ്ങൾ, ഏഴ് ഭൂപ്രദേശങ്ങൾ, രണ്ട് ഹിമാനികൾ, രണ്ട് ജലാശയങ്ങൾ, ഒരു താഴ്‌വര, ഒരു നദി എന്നിവ ഉൾപ്പെടുന്നു. അതിർത്തി പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ പേരുകളെചൊല്ലി ഇരുരാജ്യങ്ങളും അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ നീക്കം.
അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് ചൈന നേരത്തേ പേരുകൾ പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്തെ ചൈന “ദക്ഷിണ ടിബറ്റ്” എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, ചൈനയുടെ അവകാശവാദങ്ങൾ ഇന്ത്യ തുടക്കം മുതലേ തള്ളിക്കളഞ്ഞിരുന്നു. സ്ഥലങ്ങൾക്ക് പേരുകൾ നൽകുന്നത് അവയുടെ ഭൂമിശാസ്ത്രപരമായോ രാഷ്ട്രീയമായോ ഉള്ള അധികാരപദവിയിൽ മാറ്റം വരുത്തില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
2020ൽ നിയന്ത്രണരേഖയിൽ ഉടലെടുത്ത സൈനിക സംഘർഷത്തിനുശേഷം ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ഇരുരാജ്യങ്ങളും ചർച്ചകൾ തുടരുന്നുണ്ട്.
ഭൂപടങ്ങൾ കൂടുതൽ കൃത്യമാക്കുന്നതിനും അതിർത്തി മേഖലകളിൽ വ്യക്തത വരുത്തുന്നതിനുമാണ് ലഡാക്കിലെ 28 മലനിരകൾ, ചുരങ്ങൾ, ഹിമാനികൾ, നദികൾ തുടങ്ങിയവക്ക് ഇന്ത്യ ഔദ്യോഗികമായി പേരുകൾ നൽകിയത്. അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് ചൈന സ്വന്തം നിലയിൽ ചൈനീസ് പേരുകൾ നൽകി ഭൂപടങ്ങൾ ഇറക്കിയിരുന്നു. ഇതിന് പകരമായാണ് ഇന്ത്യ ലഡാക്കിലെ തന്ത്രപ്രധാനമായ സ്ഥലങ്ങൾക്ക് സർവേ ഓഫ് ഇന്ത്യ ഭൂപടത്തിൽ വ്യക്തമായ ഇന്ത്യൻ പേരുകൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.