പ്രക്ഷോഭത്തിനിടെ വനിതാ മാധ്യമ പ്രവർത്തകർക്ക് മർദനം; ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ സുപ്രീംകോടതി വിളിപ്പിച്ചു
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിനിടെ വനിതാ മാധ്യമപ്രവർത്തകരോട് അതിക്രമം കാണിച്ച സംഭവത്തിൽ ഡൽഹി പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥനെ സുപ്രീം കോടതി വിളിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് എ. സൂര്യകാന്താണ് കേന്ദ്രസർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് ഈ നിർദേശം നൽകിയത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി ഒക്ടോബർ 15 ലേക്ക് മാറ്റി.
ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് ജോയ് മല്യ ബാഗ്ചിക്ക് പുറമെയുള്ള ജസ്റ്റിസ് വി. മോഹന അസുഖം മൂലം അവധി ആയതുകൊണ്ടാണ് ഹരജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടതിനെ തുടർന്ന് സുപ്രീംകോടതി അധികാരികൾക്ക് നോട്ടീസയച്ചു. വനിതാ മാധ്യമപ്രവർത്തകർക്കുനേരെ നടന്ന അതിക്രമങ്ങൾക്കെതിരെ എൻ.ഡബ്ല്യു.എം.ഐ സമർപ്പിച്ച ഹരജിയിൽ ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്സിങ്ങാണ് ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിപ്പെടുത്തിയത്.
ഇത് കൂടാതെ ഒക്ടോബർ ഒമ്പതിന് കോടതി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായി മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തതിനെതിരെ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയും തൃണമൂൽ കോൺഗ്രസ് എം.പിയും അഭിഭാഷകയുമായ മേനക ഗുരുസ്വാമി സമർപ്പിച്ച ഹരജിയും സുപ്രീംകോടതി പരിഗണിച്ചു.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സമർപ്പിച്ച ഹരജിയിലും സുപ്രീംകോടതി നോട്ടീസ് അയച്ചു. 2023ല്‍ കൊണ്ടുവന്ന നിയമ ഭേദഗതിയിലൂടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാർക്കും നിയമ നടപടികളിൽ നിന്നുള്ള പരിരക്ഷ നൽകിയ നടപടി ചോദ്യം ചെയ്താണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.