ബിജെപി നേതാവ് എൽ. മുരുഗൻ കേന്ദ്ര മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ചു; തമിഴ്നാട് മുൻ അധ്യക്ഷൻ
ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെന്ററികാര്യ സഹമന്ത്രി എൽ. മുരുഗൻ മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ചു. സമൂഹമാധ്യമത്തിലൂടെയാണ് രാജി വിവരം പുറത്തുവിട്ടത്.
രാജി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തമിഴ്‌നാട്ടിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സമയം ചെലവഴിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കത്തിൽ പറയുന്നു. “ഇനി പാർട്ടിയുടെ താഴേത്തട്ടിലേക്ക് മടങ്ങാനും പ്രവർത്തകർക്കൊപ്പം നിൽക്കാനും 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ ബി.ജെ.പിയെ ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നു. ആദ്യം രാഷ്ട്രം, പിന്നെ പാർട്ടി, അവസാനം മാത്രം വ്യക്തിപരമായ കാര്യങ്ങൾ” -മുരുഗൻ എക്സിൽ കുറിച്ചു.
തമിഴ്‌നാട് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനാണ് എൽ. മുരുഗൻ. മധ്യപ്രദേശിൽനിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട്ടിലെ നാമക്കലിൽ തെലുങ്ക് വേരുകളുള്ള കുടുംബത്തിലാണ് ജനനം. 2030 വരെ രാജ്യസഭാംഗത്വ കാലാവധി ഉണ്ടായിരുന്നു. എന്നാൽ, അപ്രതീക്ഷിതമാണ് അദ്ദേഹത്തിന്‍റെ രാജി. 2020ലാണ് മുരുഗനെ ബി.ജെ.പിയുടെ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. 2021 ജൂലൈയിൽ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിസഭയിലെത്തി. മുരുഗനുശേഷം കെ. അണ്ണാമലൈയാണ് പാർട്ടി തമിഴ്‌നാട് അധ്യക്ഷനായി ചുമതലയേറ്റത്.
സാധാരണ കുടുംബപശ്ചാത്തലം അനുസ്മരിച്ച എൽ. മുരുഗൻ, ബി.ജെ.പി സർക്കാറിന് കീഴിൽ കേന്ദ്രമന്ത്രിയാകാൻ അവസരം നൽകിയതിന് നരേന്ദ്ര മോദിക്ക് കത്തിൽ നന്ദി പറയുന്നുണ്ട്. “ഞാൻ ഒരു രാഷ്ട്രീയ കുടുംബത്തിൽനിന്നല്ല വരുന്നത്. ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. കൂലി പണിയെടുത്തും കന്നുകാലികളെ നോക്കിയും ഉപജീവനം നടത്തിയിരുന്ന എന്റെ മാതാപിതാക്കൾ ഇന്നും കോനൂർ ഗ്രാമത്തിൽ ലളിതമായ ജീവിതമാണ് നയിക്കുന്നത്. തങ്ങളുടെ മകൻ ഒരുനാൾ കേന്ദ്രസർക്കാറിൽ സേവനമനുഷ്ഠിക്കുമെന്ന് അവർക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല,” -മുരുഗൻ കത്തിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.