രണ്ടുവിരൽ പരിശോധന നടത്തിയ ഡോക്ടർക്കെതിരെ നടപടിക്ക് പോക്സോ കോടതി ഉത്തരവ്

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ പ്രായപൂർത്തിയാകാത്ത ബലാത്സംഗ അതിജീവിതയെ രണ്ടുവിരൽ പരിശോധനക്ക് വിധേയനാക്കിയ ഡോക്ടർക്കെതിരെ നടപടിക്ക് ഉത്തരവിട്ട് പ്രത്യേക പോക്സോ കോടതി. സുപ്രീംകോടതി നിരോധിച്ച പരിശോധനാ മാർഗം സ്വീകരിച്ചതിനാണ് നടപടി.

രണ്ടുവിരൽ പരിശോധന നിയമപരമല്ലെന്ന് മാത്രമല്ല, അത് മാനവിക മൂല്യങ്ങളെയും വ്യക്തിയുടെ അന്തസ്സിനെയും ഹനിക്കുന്നതാണ് -പോക്സോ കോടതി ജഡ്ജി ദീപക് ദുബേ ചൂണ്ടിക്കാട്ടി. ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മെഡിക്കൽ ഓഫിസർക്ക് കോടതി നിർദേശം നൽകിയത്. അതേസമയം, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ സംശയത്തിന്‍റെ ആനുകൂല്യം ലഭിച്ച പ്രതിയെ കോടതി കുറ്റമുക്തനാക്കി.

കഴിഞ്ഞ ഒക്ടോബറിലാണ് ബലാത്സംഗ ഇരകളിൽ വിരൽ ഉപയോഗിച്ചുള്ള കന്യാചർമ പരിശോധന നിരോധിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. ഇത്തരം പരിശോധനകൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

കന്യാചർമ പരിശോധനക്ക് ശാസ്ത്രീയ അടിത്തറയില്ല. അത് സ്ത്രീകളെ വീണ്ടും ഇരയാക്കുകയും വിഷമിപ്പിക്കുകയുമാണ്. രണ്ടു വിരൽ പരിശോധന ഒരിക്കലും അനുവദിക്കരുത്. ലൈംഗികമായി സജീവമായ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടില്ലെന്ന തെറ്റായ മുൻധാരണ മൂലമുണ്ടായ നടപടിയാണിതെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

Tags:    
News Summary - POCSO court orders action against doctor for conducting two finger test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.