ദീപം തെളിക്കലിന് വിമർശനമേറെ: മോദി 'പ്രധാൻ ഷോ മാൻ' എന്ന് തരൂർ

ന്യൂഡൽഹി: ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകൾ അണച്ച് ചെറുവെളിച്ചങ്ങൾ തെളിക്കാൻ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിന് വിമർശന പ്രവാഹം. മോദി പ്രധാന മന്ത്രിയല്ല, 'പ്രധാൻ ഷോമാൻ' ആണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി പരിഹസിച്ചു.

ആളുകളുടെ വേദന, ബാധ്യതകൾ, സാമ്പത്തിക വിഷമം എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് തരൂർ ട്വിറ്ററിൽ കുറ്റപ്പെടുത്തി.

'ലോക്ക്ഡൗണിന് ശേഷമുള്ള പ്രശ്നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവി കാര്യങ്ങളോ ഇല്ല. ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീൽ ഗുഡ് അവതരണം' -തരൂർ ട്വീറ്റിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ നിർദേശം ദുരന്ത കാലത്തെ പ്രഹസനമെന്നാണ് പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ പരോക്ഷമായി വിശേഷിപ്പിച്ചിരിക്കുന്നത്. ഇവന്‍റ് മാനേജ്മെന്‍റ് 9.0 എന്നും അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

'ഇവന്‍റ് മാനേജ്മെന്‍റ് 9.0. ഒരു മഹാനായ ചിന്തകൻ ഒരിക്കൽ പറഞ്ഞു. ചരിത്രം ആവർത്തിക്കും. ആദ്യം ദുരന്തമായി പിന്നെ പ്രഹസനമായി. ദുരന്തനേരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ നമുക്കൊരു പ്രഹസനമുണ്ട്.' -ഗുഹ ട്വിറ്ററിൽ കുറിച്ചു.

മോദി ഇനിയും യാഥാർഥ്യം തിരിച്ചറിഞ്ഞിട്ടില്ലെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മോയിത്രയുടെ പ്രതികരണം. "ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ 8 മുതൽ 10 ശതമാനം വരെ തുല്യമായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അവർ നിർദ്ദേശിച്ചു.

നിങ്ങൾ പറയുന്ന മണ്ടത്തരമൊക്കെ ഞങ്ങൾ കേൾക്കാം പകരം നിങ്ങൾ ആരോഗ്യ -സാമ്പത്തിക വിദഗ്ധർ പറയുന്നത് കേൾക്കൂ എന്നായിരുന്നു മുൻ ധനമന്ത്രി പി. ചിദംബരം പ്രതികരിച്ചത്.

പ്രധാനമന്ത്രിയുടെ നിർദേശത്തെ പരിഹസിച്ച് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനും രംഗത്തെത്തി. ടോർച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കും ഇതുവരെ ക്ഷാമം ഉണ്ടായിരുന്നില്ല. ഇപ്പോൾ അതും കൂടിയായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags:    
News Summary - PM's 'Light Candles': Shashi Tharoor, Ramachandra guha, Mahua Moitra, p chidambaram and kannan gopinathan to Narendra Modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.