രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവ്‌ദേകര്‍, രമേശ് പൊഖ്‌റിയാല്‍

മോദിയോ ഷായോ അല്ല; 11 മന്ത്രിമാര്‍ രാജി പ്രഖ്യാപിച്ചത് ആ ഒരു ഫോണ്‍ വിളിക്ക് പിന്നാലെ

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുന:സംഘാടനം ഉടനുണ്ടാകും എന്ന് അറിഞ്ഞതുമുതല്‍ അഭ്യൂഹങ്ങളായിരുന്നു, ആരൊക്കെ വീഴും ആരൊക്കെ വാഴും എന്ന കാര്യത്തില്‍. ഒടുവില്‍ ബുധനാഴ്ച ഉച്ചക്ക് ശേഷം ഒന്നിന് പിറകെ ഒന്നായി വന്നത് 11 രാജികള്‍. അതില്‍, നാല് മുതിര്‍ന്ന മന്ത്രിമാരും ഉള്‍പ്പെട്ടു -രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, ഡോ. ഹര്‍ഷവര്‍ധന്‍, രമേശ് പൊഖ്രിയാല്‍ എന്നിവര്‍. രാജി പ്രഖ്യാപിക്കുവാന്‍ സമയമായെന്ന നിര്‍ദേശം ഇവര്‍ക്കെല്ലാം ലഭിച്ചത് ഒരു ഫോണ്‍കോളിലൂടെയാണ്. ആ നിര്‍ദേശം നല്‍കിയത് നരേന്ദ്ര മോദിയോ അമിത് ഷായോ ആയിരുന്നില്ല.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയായിരുന്നു ആ ഫോണ്‍ വിളിക്ക് പിന്നിലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 11 പേരെയും നഡ്ഡ വിളിച്ച് രാജി പ്രഖ്യാപിക്കുവാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഡോ. ഹര്‍ഷ് വര്‍ധന്‍, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവ്‌ദേകര്‍, സദാനന്ദ ഗൗഡ, താവര്‍ചന്ദ് ഗെഹ്‌ലോട്ട്, രമേശ് പൊഖ്‌റിയാല്‍, സന്തോഷ് ഗങ്‌വര്‍, സഞ്ജയ് ധോത്രെ, രതന്‍ ലാല്‍ കഠാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ദേബശ്രീ ചൗധരി, ബാബുല്‍ സുപ്രിയോ എന്നിവരാണ് ഇന്നലെ രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. താവര്‍ചന്ദ് ഗെഹ്‌ലോട്ട് കര്‍ണാടക ഗവര്‍ണറായി നിയമിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ രാജി പ്രഖ്യാപിച്ചിരുന്നു.

പ്രകടനത്തില്‍ വീഴ്ച വന്നതാണ് പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തവര്‍ക്ക് പാരയായതെന്നാണ് വിലയിരുത്തലുകള്‍. രാജ്യത്തെ കോവിഡ് സാഹര്യത്തെ നേരിട്ടത് ആരോഗ്യ മന്ത്രിയായിരുന്ന ഹര്‍ഷ്‌വര്‍ധന്റെ നേതൃത്വത്തിലായിരുന്നു. രണ്ടാംതരംഗത്തെ കൈകാര്യം ചെയ്ത രീതിയില്‍ ആഗോളതലത്തില്‍ ഇന്ത്യ വിമര്‍ശനം നേരിട്ടിരുന്നു. കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ പലായനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തൊഴില്‍ വകുപ്പിന് ഒന്നും ചെയ്യാനായില്ലെന്ന് വിമര്‍ശനമുയര്‍ന്നത് സന്തോഷ് ഗങ്വറിന് തിരിച്ചടിയായി. പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെക്കുകയും റദ്ദാക്കുകയും ചെയ്യേണ്ടിവന്ന കോവിഡ് സാഹചര്യത്തില്‍ രമേഷ് പൊഖ്രിയാല്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത രീതിയിലും കേന്ദ്ര നേതൃത്വത്തിന് തൃപ്തി പോരാ.

രാജിവെച്ചതിന് പിന്നാലെ പലരും ഇന്നലെ തന്നെ സമൂഹമാധ്യമങ്ങളിലെ 'ബയോ' മാറ്റി. ബിഹാറിലെ പാറ്റ്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം എന്നാണ് രവിശങ്കര്‍ പ്രസാദ് ബയോ മാറ്റിയത്. പ്രകാശ് ജാവദേക്കര്‍ 'രാജ്യസഭാംഗം' എന്നാക്കി.

Tags:    
News Summary - PM Modi's Cabinet Rejig: A Phone Call That Led to 11 Resignations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.