നരേന്ദ്ര മോദി
ന്യൂഡൽഹി: എച്ച്-1ബി വിസ ഫീസ് ഉയർത്താനുള്ള തീരുമാനത്തിൽ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ യഥാർഥ ശത്രു മറ്റ് രാജ്യങ്ങൾക്കുമേലുള്ള വിധേയത്വമാണെന്ന് മോദി പറഞ്ഞു. സ്വയംപര്യാപ്തയിലൂടെ മാത്രമേ രാജ്യത്തിന് കരുത്തും ആഗോളതലത്തിൽ ബഹുമാനവും ലഭിക്കുവെന്നും മോദി പറഞ്ഞു.
നമുക്ക് ഈ ലോകത്ത് വലിയ ശത്രുക്കളില്ല. നമ്മുടെ യഥാർഥ ശത്രു, മറ്റ് രാജ്യങ്ങൾക്കുമേലുള്ള ആശ്രയത്വമാണ്. ഒരുമിച്ച് ഈ ശത്രുവിനെ നമുക്ക് തോൽപ്പിക്കാമെന്ന് ഭാവ്നഗറിൽ നടന്ന പരിപാടിയിൽ മോദി പറഞ്ഞു. ആത്മനിർഭരതയെന്നത് രാജ്യത്തിന്റെ അഭിമാനവുമായി ബന്ധപ്പെട്ട ഒന്നാണ്. മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് രാജ്യം പരാജയപ്പെടാനിടയാക്കും. ലോകത്ത് സമാധാനം പുലരണമെങ്കിൽ ഏറ്റവും വലിയ ജനാധിപത്യരാജ്യം സ്വയംപര്യാപ്തമാകണമെന്നും മോദി പറഞ്ഞു. എച്ച്-1ബി വിസ ഫീസ് ഉയർത്താനുള്ള തീരുമാനം പുറത്ത് വന്നതിന് പിന്നാലെയാണ് മോദിയുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്.
വാഷിങ്ടൺ: അമേരിക്കയിലേക്ക് സാങ്കേതിക മേഖലയിലെ തൊഴിലാളികൾക്ക് കുടിയേറാൻ അവസരം നൽകുന്ന എച്ച്-1ബി വിസയുടെ ഫീസ് കുത്തനെ ഉയർത്തി. വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവിൽ ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇന്ത്യൻ ടെക്കികൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് യു.എസ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്.
ഇനി മുതൽ കമ്പനികൾ ഓരോ വിസക്കും ഒരു ലക്ഷം ഡോളർ വിസ ഫീസായി നൽകേണ്ടി വരുമെന്ന് യു.എസ് കൊമേഴ്സ് സെക്രട്ടറി ഹവാർഡ് ലുട്ട്നിക് പറഞ്ഞു. യു.എസ് ബിരുദദാരികൾക്ക് പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനികൾ ആർക്കെങ്കിലും പരിശീലനം നൽകുകയാണെങ്കിൽ യൂനിവേഴ്സിറ്റികളിൽ നിന്ന് പഠിച്ചിറങ്ങിയ ബിരുദദാരികളെ പരിശീലിപ്പിക്കണം. അമേരിക്കക്കാർക്ക് പരിശീലനം നൽകണം. നമ്മുടെ ജോലി മറ്റുള്ളവർ തട്ടിയെടുക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ട്രംപിന്റെ നീക്കത്തോട് യു.എസ് ടെക് വമ്പൻമാരായ ആമസോൺ, ആപ്പിൾ, ഗൂഗ്ൾ തുടങ്ങിയ കമ്പനികളൊന്നും പ്രതികരിച്ചിട്ടില്ല. 1990ലാണ് എച്ച്-1ബി വിസ സംവിധാനം യു.എസിൽ അവതരിപ്പിക്കുന്നത്. എന്നാൽ, ഇതുവരെ കനത്ത ഫീസ് എച്ച്-1ബി വിസക്ക് യു.എസ് ചുമത്തിയിരുന്നില്ല. എന്നാൽ, എച്ച്-1ബി വിസയിൽ മാറ്റങ്ങൾ വേണമെന്നുള്ളത് ഡോണൾഡ് ട്രംപിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്.
എച്ച്-1ബി വിസ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. യു.എസിൽ വിതരണം ചെയ്യുന്ന എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യക്കാർക്കാണ് നൽകുന്നത്. 11.7 ശതമാനത്തോടെ ചൈനയാണ് രണ്ടാമത്. മൂന്ന് വർഷം മുതൽ ആറ് വർഷം വരെയാണ് എച്ച്-1ബി വിസയുടെ കാലാവധി. ഈ വർഷം 85,000 പേർക്കാണ് എച്ച്-1ബി വിസ അനുവദിച്ചത്. ഇതിൽ ആമസോണിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ വിസ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.