അനുമതിയില്ലാതെ ഇന്ത്യയിൽ മതപ്രചാരണം നടത്തിയാൽ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കാം; മദ്രാസ് ഹൈകോടതി

ചെന്നൈ: ആവശ്യമായ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യയിൽ മതപ്രചാരണത്തിലോ മിഷനറി പ്രവർത്തനങ്ങളിലോ ഏർപ്പെടുന്ന വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജരുടെ (ഒ.സി.ഐ) രജിസ്ട്രേഷൻ റദ്ദാക്കാമെന്ന് മദ്രാസ് ഹൈകോടതി. മതപരിവർത്തനം നടത്തുക മാത്രമല്ല, സ്വന്തം മതത്തിന്റെ ദൈവസന്ദേശം പ്രചരിപ്പിക്കുന്നതും മിഷനറി പ്രവർത്തനങ്ങളുടെ പരിധിയിൽ വരുമെന്നും ജസ്റ്റിസ് ഭരത ചക്രവർത്തി വ്യക്തമാക്കി.

അമേരിക്കൻ പൗരനായ ജോൺ ഡാനിയലിന്റെ ഒ.സി.ഐ രജിസ്ട്രേഷൻ റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യംചെയ്തുള്ള ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ആവശ്യമായ പ്രത്യേക അനുമതിയില്ലാതെ മതപ്രഭാഷണങ്ങളും മിഷനറി പ്രവർത്തനങ്ങളും നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

2015 ഫെബ്രുവരിയിലാണ് ജോൺ ഡാനിയലിന് ഒസിഐ രജിസ്ട്രേഷൻ ലഭിച്ചത്. കുടുംബാംഗങ്ങളെ സന്ദർശിക്കാനും പ്രായമായ അമ്മയെ പരിചരിക്കാനുമാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഒ.സി.ഐ കാർഡ് ഉടമകൾക്ക് ബാധകമായ നിയമങ്ങളൊന്നും താൻ ലംഘിച്ചിട്ടില്ലെന്നും മതപ്രചാരണത്തിലോ മതപരിവർത്തനത്തിലോ ഏർപ്പെട്ടിട്ടില്ലെന്നും ഡാനിയൽ വാദിച്ചു. മതപരിവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സംഭവങ്ങളുടെ കൃത്യമായ തീയതികളോ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായ വ്യക്തികളുടെ വിവരങ്ങളോ അധികൃതർ നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കാനുള്ള അവസരം നൽകിയില്ലെന്നും ഡാനിയൽ കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ, ലേമൻസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മിഷനറിയാണ് ഡാനിയലെന്ന് വ്യക്തമാക്കുന്ന രേഖകൾ കേന്ദ്രസർക്കാർ ഹാജരാക്കി. ആന്ധ്രാപ്രദേശിലെയും മറ്റ് സ്ഥലങ്ങളിലെയും മതസമ്മേളനങ്ങളിൽ അദ്ദേഹം പ്രസംഗിക്കുന്നതായി കാണിക്കുന്ന പോസ്റ്ററുകളും മറ്റ് രേഖകളും ഇതിൽ ഉൾപ്പെട്ടിരുന്നു.

തുടർന്ന് തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും വിവിധ സ്ഥലങ്ങളിൽ തുടർച്ചയായി മതസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും അദ്ദേഹം പ്രസംഗിച്ചതിന് മതിയായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പിന്നാലെ മതപ്രചാരണത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന ഹരജിക്കാരന്റെ വാദം കോടതി തള്ളി.

1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 7D പ്രകാരം, നിയമത്തിലെ വ്യവസ്ഥകളോ കേന്ദ്രസർക്കാർ വിജ്ഞാപനത്തിലൂടെ നിർദേശിച്ച മറ്റ് നിയമങ്ങളോ ലംഘിച്ചാൽ ഒ.സി.ഐ രജിസ്ട്രേഷൻ റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സെക്ഷൻ 7B പ്രകാരം പുറപ്പെടുവിച്ച എസ്.ഒ. 1050(ഇ) വിജ്ഞാപനമനുസരിച്ച്, മിഷനറി പ്രവർത്തനങ്ങൾ, പൊതുപ്രവർത്തനങ്ങൾ, പർവതാരോഹണം, പത്രപ്രവർത്തനം തുടങ്ങിയ നിർദിഷ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണ്.

Tags:    
News Summary - OCI cardholder can’t spread word of god sans govt nod: Madras HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.