ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് 131ാം ജന്മവാർഷികത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് രാഷ്ട്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി, വൈസ് പ്രസിഡൻറ് എം. വെങ്കയ്യ നായിഡു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ രാഷ്ട്രശിൽപിക്ക് ആദരമർപ്പിച്ച് ട്വീറ്റ് ചെയ്തു. രാജ്യത്തിെൻറ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ജന്മവാർഷിക ദിനത്തിൽ വിനീതമായ പ്രണാമം എന്ന ഒറ്റവരി ട്വീറ്റായിരുന്നു മോദിയുടേത്.
എന്നാൽ, നവഭാരതം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം അർപ്പിച്ച പങ്ക് എക്കാലവും ഓർമിക്കപ്പെടുമെന്ന് വെങ്കയ്യ നായിഡു കുറിച്ചിട്ടു. സാഹോദര്യം, സമഭാവന, പുത്തൻ കാഴ്ചപ്പാടുകൾ തുടങ്ങിയ മൂല്യങ്ങളുമായി രാഷ്ട്രത്തിന് അടിത്തറ പാകിയ ഉന്നത ദാർശനികനായിരുന്നു നെഹ്റുവെന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനാവണം നമ്മുടെ പരിശ്രമമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
രാഹുൽ ഗാന്ധി ഏതാനും അനുയായികൾക്കൊപ്പം നെഹ്റുവിെൻറ സമാധി സ്ഥലമായ ഡൽഹി ശാന്തി വനത്തിലെത്തി പുഷ്പാർച്ചന നടത്തി. നെഹ്റുവിെൻറ ജന്മദിനത്തിൽ രാജ്യമൊട്ടുക്കുമുള്ള വിദ്യാലയങ്ങളിൽ വർണാഭമായി നടത്തിവരാറുള്ള ശിശുദിനാഘോഷം കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പരിപാടികളിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.