കേവാഡിയ: സർദാർ വല്ലഭായ് പട്ടേലിന്‍റെ 145ാം ജന്മദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ കേവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. പട്ടേലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യം ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആചരിച്ചുവരുന്നു.
ഏകതാ ദിവസ് പരേഡിലും അദ്ദേഹം പങ്കെടുത്തു. ലോക്ഡൗണിന് ശേഷം ആദ്യമായാണ് രണ്ട് ദിവസ സന്ദർശനത്തിന് മോദി ഗുജറാത്തിലെത്തുന്നത്. മസ്സൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ പരിശീലനം നടത്തുന്ന വിവിധ സിവിൽ സർവീസുകളിൽ നിന്നുള്ള 428 ഓഫീസർ ട്രെയിനികളെ അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യും. സ്റ്റാച്യു ഓഫ് യൂണിറ്റിയെ അഹമ്മദാബാദിലെ സബർമതി നദീപ്രദേശവുമായി ബന്ധിപ്പിക്കുന്ന സീപ്ലെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
'ദേശീയ ഐക്യത്തിന്‍റെയും സമഗ്രതയുടെയും തുടക്കക്കാരനായ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന് ജന്മവാർഷികം' മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ തന്നെ മാറ്റി നിർത്താനാകാത്ത അധ്യായമാണ് ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്ന പട്ടേലിന്‍റെ സംഭാവനകൾ. 565ൽ അധികം വരുന്ന സ്വയംഭരണ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പട്ടേലാണ്.
ഹിന്ദു മഹാസഭയും ആർ.എസ്.എസും ഉണ്ടായിരുന്ന സമയത്തും കോൺഗ്രസിനൊപ്പമായിരുന്നു സർദാർ വല്ലഭായ് പട്ടേൽ നിലകൊണ്ടത്. മരണം വരെ അദ്ദേഹം കോൺഗ്രസുകാരൻ ആയിരുന്നു.
1950 ഡിസംബർ 15ന് അന്തരിച്ച പട്ടേലിനെ 1991ൽ രാഷ്ട്രം മരണാനന്തര ബഹുമതിയായി ഭാരത രത്‌ന നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.