ലഖ്നോ: 594 കിലോമീറ്റർ ദൈർഘ്യമുള്ള മീററ്റിനെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്ന ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന പദ്ധതിയായി ഈ അതിവേഗ പാത മാറുമെന്ന് ഹർദോയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മോദി പറഞ്ഞു.
അതിവേഗ ഇടനാഴി ഉത്തർപ്രദേശിലെ വ്യാവസായിക നിക്ഷേപം, ലോജിസ്റ്റിക്സ്, കാർഷിക വിപണനം, പ്രാദേശിക വികസനം എന്നിവക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഇതോടെ മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള യാത്രാസമയം 10-12 മണിക്കൂറിൽ നിന്ന് 6-8 മണിക്കൂറായി കുറയും. മീററ്റ്, ഹാപൂർ, ബുലന്ദ്ഷഹർ, അംരോഹ, സംഭാൽ, ബദൗൺ, ഷാജഹാൻപൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്‌രാജ് എന്നീ 12 ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് അതിവേഗ പാത. അതിവേഗ പാത യാഥാർഥ്യമായതോടെ ചരക്ക്, യാത്രാ ഗതാഗതത്തിൽ യാത്രാസമയം ഗണ്യമായി കുറക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് റോഡ് പദ്ധതികളിൽ ഒന്നാണ് ഗംഗാ എക്സ്പ്രസ് വേ. ഏകദേശം 36,230 കോടി രൂപ ചെലവിൽ നിർമിച്ച ഈ പാത ഉത്തർപ്രദേശിലെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ പാതയാണ്.
ഉത്തർപ്രദേശിനെ ഒരു വ്യാവസായിക ലോജിസ്റ്റിക്സ് ഇടനാഴിയായി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഭാവിയിൽ എട്ടുവരിപ്പാതയായി വികസിപ്പിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. എക്സ്പ്രസ് വേ വരുന്നതോടെ മേഖലയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.