രാമക്ഷേത്രത്തിൽ കാവിക്കൊടി ഉയർത്തുന്ന (ധ്വജാരോഹൺ) ചടങ്ങിനുശേഷം മടങ്ങുന്ന പ്രധാനമന്ത്രി മോദി, യു.പി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ
അയോധ്യ: രാമക്ഷേത്ര നിർമാണത്തിലൂടെ 500 വർഷത്തെ നിശ്ചയദാർഢ്യമാണ് പൂർത്തീകരിക്കുന്നതെന്നും നൂറ്റാണ്ടുകളുടെ മുറിവുകളും വേദനയുമാണ് ഇതുവഴി ഇല്ലാതാകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാമക്ഷേത്ര നിർമാണം പൂർത്തിയായതിനോടനുബന്ധിച്ച് ക്ഷേത്രത്തിന് മുകളിൽ കാവിക്കൊടി ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റൊരു ചരിത്ര നിമിഷത്തിനാണ് അയോധ്യ സാക്ഷ്യം വഹിക്കുന്നത്. രാജ്യം മുഴുവനും ലോകവും രാമനിൽ മുഴുകിയിരിക്കുകയാണ്. സത്യം ആത്യന്തികമായി അസത്യത്തിന്മേൽ വിജയം നേടുന്നു എന്നതിന്റെ തെളിവായി ഈ വിശുദ്ധ പതാക നിലകൊള്ളും. നമ്മുടെ രാമൻ വിവേചനം കാണിക്കുന്നില്ല. നമ്മളും അതേ മനസ്സോടെ മുന്നോട്ടുപോകുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം പൂർത്തിയാക്കുന്ന 2047 ആകുമ്പോൾ വികസിത രാഷ്ട്രമെന്ന ലക്ഷ്യം കൈവരിക്കണം. ഇന്ത്യയുടെ നാഗരിക പൈതൃകത്തിൽ അഭിമാനിച്ച് അടിമത്തത്തിന്റെ മാനസികാവസ്ഥയിൽനിന്ന് മോചനം നേടണം. പരമ്പരാഗതമായി ബാധിച്ച അപകർഷബോധം ഇല്ലാതാക്കാൻ അടുത്ത 10 വർഷത്തിനുള്ളിൽ സജീവമായ ശ്രമം നടത്തണമെന്ന് മോദി പറഞ്ഞു. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.