ഭാവ്‌നഗർ: ഗുജറാത്തിലെ ഭാവ്‌നഗർ സർക്കാർ സ്കൂളിൽ പർദ ധരിച്ചവരെ ഭീകരവാദിയാക്കി നാടകം അവതരിപ്പിച്ചതിനെ ചൊല്ലി വിവാദം. എ.പി.ജെ. അബ്ദുൽകലാമിന്റെ പേരിലുള്ള ഭാവ്‌നഗർ കുംഭർവാഡയിലെ മുനിസിപ്പൽ കോർപറേഷൻ സ്‌കൂളിൽ സ്വാതന്ത്ര്യദിന പരിപാടിക്കിടെയാണ് നാടകം അവതരിപ്പിച്ചത്.
സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഭാവ്‌നഗർ ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഹിതേന്ദ്രസിങ് ഡി. പധേരിയ ഭാവ്‌നഗർ മുനിസിപ്പൽ സ്‌കൂൾ ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുഞ്ജൽ ബദ്‌മാലിയയ്ക്ക് ചൊവ്വാഴ്ച നോട്ടീസ് അയച്ചു. ഡോ. എ.പി.ജെ. അബ്ദുൽകലാം പ്രതിക് ശാല നമ്പർ 51 എന്ന സ്‌കൂളിൽ നടന്ന പരിപാടിയെക്കുറിച്ച് ഏഴ് ദിവസത്തിനുള്ളിൽ വസ്തുതാപരമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡി.ഇ.ഒയുടെ നോട്ടീസിൽ പറയുന്നത്.
നാടകം മുസ്‍ലിം സമൂഹത്തെ തീവ്രവാദികളായി ചിത്രീകരിക്കുന്നതാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സാമൂഹിക സംഘടനയായ ബന്ധാരൻ ബച്ചാവ് സമിതി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്.
‘ആഗസ്റ്റ് 15 ന് സ്‌കൂളിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ മുസ്‍ലിംകളെ തീവ്രവാദികളായി മനഃപൂർവ്വം ചിത്രീകരിച്ചതായി ജില്ല കലക്ടർ, മുനിസിപ്പൽ കമീഷണർ, ഡി.ഇ.ഒ എന്നിവർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. വസ്തുതകളും വിശദാംശങ്ങളും കണ്ടെത്താൻ ഏഴ് ദിവസത്തിനുള്ളിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്’ -ഡി.ഇ.ഒ പധേരിയ മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂൾ ജീവനക്കാർ മനപൂർവം മതവികാരം വ്രണപ്പെടുത്താനും പൊതുജനങ്ങൾക്കിടയിൽ അസ്വസ്ഥത വളർത്താനും ശ്രമിച്ചതാണെന്ന് ബന്ധാരൻ ബച്ചാവ് സമിതി ആരോപിച്ചു. ‘നാടകത്തിൽ കശ്മീരി തീർത്ഥാടകരായും സൈനികരായും തീവ്രവാദികളായും കുട്ടികൾ വേഷമിട്ടിട്ടുണ്ട്. ഇതിൽ മുസ്‍ലിം വസ്ത്രമായ പർദ ധരിച്ച പെൺകുട്ടികളെ തീവ്രവാദികളായി ചിത്രീകരിച്ചു. ഇത് മുസ്‍ലിം സമൂഹത്തെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ശ്രമമാണ്’ -ബന്ധാരൻ ബച്ചാവ് സമിതി പ്രതിനിധി പറഞ്ഞു.
സ്കൂളിൽ ഇത്തരമൊരു നാടകം അവതരിപ്പിച്ചതിലൂടെ അധ്യാപകർ തങ്ങളുടെ ക്രിമിനൽ മാനസികാവസ്ഥയാണ് പ്രകടിപ്പിച്ചതെന്നും ഇതിനെതിരെ മുസ്‍ലിം സമൂഹത്തിൽ വലിയ രോഷവും പ്രതിഷേധവും ഉണ്ടെന്നും സമിതി കൂട്ടിച്ചേർത്തു.
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സ്കൂൾ ജീവനക്കാരെയും സസ്പെൻഡ് ചെയ്യണമെന്നും ഭാവിയിൽ ഇത്തരമൊരു ഭരണഘടനാ വിരുദ്ധമായ പ്രവൃത്തി നടക്കാതിരിക്കാൻ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നതായി ബന്ധാരൻ ബച്ചാവ് സമിതി പ്രസിഡന്റ് ജെഹുർഭായ് ഹുസൈൻഭായ് ജെജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.