ആഗ്ര: മാസങ്ങളോളം നീണ്ട തടവിൽ നേരിട്ട മൃഗീയ പീഡനങ്ങൾ വെളിപ്പെടുത്തി, ഉത്തർപ്രദേശിലെ മുസാഫർനഗറിലുള്ള ഡിസ്പോസിബിൾ പാത്രനിർമാണ ഫാക്ടറിയിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ. 'ഫാക്ടറിയിൽ ഞങ്ങൾക്ക് പിറ്റ് ബുൾ നായ്ക്കളെ കാവലിരുത്തി. തെരുവുനായ്ക്കളെപ്പോലെ ക്രൂരമായി അവർ ഞങ്ങളെ മർദിച്ചു," രക്ഷപ്പെട്ടവരിൽ ഒരാൾ പറഞ്ഞു. 12 തൊഴിലാളികളെയാണ് പാത്ര നിർമാണ ഫാക്ടറിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
രാജസ്ഥാനിലെ ജോധ്പൂർ, ഉത്തർപ്രദേശിലെ ലഖ്നൗ, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മോചിപ്പിക്കപ്പെട്ട തൊഴിലാളികൾ. മെച്ചപ്പെട്ട വേതനവും താമസസൗകര്യവും വാഗ്ദാനം ചെയ്താണ് ഇവരെ ജോലിക്കു നിയോഗിച്ചിരുന്നത്. എന്നാൽ ഫാക്ടറിയിൽ എത്തിയ ഉടൻ തന്നെ ഇവരുടെ ഫോണുകൾ പിടിച്ചെടുക്കുകയും തിരിച്ചറിയൽ രേഖകൾ നശിപ്പിക്കുകയും ചെയ്തു. പിന്നീട് പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ 11 മാസം തടവിലിട്ട് ആവശ്യത്തിന് ഭക്ഷണം പോലും നൽകാതെ, മൃഗീയമായി പീഡിപ്പിച്ച് പണിയെടുപ്പിക്കുകയായിരുന്നു. "ഞങ്ങളെ ഇരുമ്പ് ദണ്ഡുകൾ കൊണ്ടും കുന്തം പോലുള്ള ആയുധങ്ങൾ കൊണ്ടും ക്രൂരമായി മർദിച്ചു. വിശന്നാൽ പോലും ഭക്ഷണം നൽകിയില്ല. രക്ഷപ്പെടാൻ ശ്രമിച്ചാൽ പിറ്റ് ബുൾ നായ്ക്കളെ അഴിച്ചുവിടുമെന്ന് അവർ ഭീഷണിപ്പെടുത്തി," തൊഴിലാളികൾ പറഞ്ഞു.
13 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഒരാൾ 2025 നവംബറിൽ മർദനമേറ്റ് കൊല്ലപ്പെട്ടതായും ഉടമകൾ മൃതദേഹം രഹസ്യമായി സംസ്കരിച്ചെന്നും തൊഴിലാളികൾ ആരോപിക്കുന്നു. രാജസ്ഥാനിൽ നിന്നുള്ള ഒരു തൊഴിലാളി അതിസാഹസികമായി ഫാക്ടറിയുടെ മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഇതേത്തുടർന്നാണ് റെയ്ഡ് നടത്തി തൊഴിലാളികളെ മോചിപ്പിച്ചത്.
ഫാക്ടറി ഉടമയായ അങ്കിത് ബാല്യൻ ഒളിവിലാണ്. നടത്തിപ്പുകാരായ ശിവ ത്യാഗി, പ്രദീപ് ബാല്യൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളികൾക്ക് വൈദ്യസഹായവും കൗൺസലിംഗും നൽകി വരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ടു തൊഴിലാളികൾ ഗുരുതരമായി മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നതായി ചികിത്സിച്ച ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.