2027 തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പി ബി.ജെ.പിയിൽ വൻ അഴിച്ചുപണി; രാജ്നാഥ് സിങ്ങിന്റെ മകനും സമാജ്‍വാദി വിമതക്കും പ്രധാന പദവികൾ

ലഖ്നോ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ സംസ്ഥാന സംഘടനയിൽ വൻ അഴിച്ചുപണി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ഇളയമകൻ നീരജ് സിങ്ങിനെയും സമാജ്‌വാദി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എം.എൽ.എ പൂജ പാലിനെയും സംസ്ഥാന വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. പുതിയ സംസ്ഥാന ഭാരവാഹി പട്ടികയിൽ 19 വൈസ് പ്രസിഡന്റുമാരും എട്ട് ജനറൽ സെക്രട്ടറിമാരും 19 സെക്രട്ടറിമാരും ഉൾപ്പെടുന്നു.

ഏഴു തവണ പാർലമെന്റ് അംഗവും കിഴക്കൻ യു.പിയിൽ നിന്നുള്ള പ്രമുഖ (കുർമി) ഒ.ബി.സി നേതാവുമായ പങ്കജ് ചൗധരിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്ത് ആറുമാസത്തിന് ശേഷമാണ് പാർട്ടി സംഘടന തലത്തിലെ മാറ്റ പ്രഖ്യാപനം.

സഹോദരനും നോയിഡ എം.എൽ.എയുമായ പങ്കജ് സിങ്ങിന് പകരമാണ് നീരജ് സിങ് വൈസ് പ്രസിഡന്റായത്. അതേസമയം, ചൈൽ മണ്ഡലത്തിൽ നിന്നുള്ള എസ്.പി എം.എൽ.എയായ പൂജ പാൽ 2024ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായി ക്രോസ് വോട്ടുചെയ്തതും പിന്നീട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരസ്യമായി പ്രശംസിച്ചതും വലിയ വിവാദമായിരുന്നു. 2005ൽ അലഹാബാദിൽവെച്ച് ഭർത്താവും എം.എൽ.എയുമായിരുന്ന രാജു പാലിന്റെ കൊലപാതകത്തിന് പിന്നാലെയാണ് പൂജ പാൽ സമാജ്‍വാദി പാർട്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. മുൻ എം.പിയും സമാജ് വാദി പാർട്ടി നേതാവുമായ രാജു പാലിന്റെ ​കൊലപാതകത്തിൽ നീതി ലഭ്യമായെന്ന് പറഞ്ഞ് പൂജ പാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തി നിയമസഭയിൽ സംസാരിച്ചിരുന്നു. മറ്റാരും കേൾക്കാതിരുന്നപ്പോൾ തന്നെ കേട്ടത് യോഗിയാണെന്നും അദ്ദേഹത്തെ മുഴുവൻ സംസ്ഥാനവും വിശ്വാസത്തോടെയാണ് കാണുന്നതെന്നും പൂജ പാൽ പറഞ്ഞു. യോഗിയെ പുകഴ്ത്തിയതിന് പിന്നാലെ പൂജ പാൽ സമാജ്‌വാദി പാർട്ടിയുമായി അകന്നു. തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ പാർട്ടി അവരെ പുറത്താക്കുകയായിരുന്നു.

പൂജയുമായുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം 2005 ജനുവരി 25നാണ് രാജു പാൽ കൊല്ലപ്പെടുന്നത്. 2004ൽ പ്രയാഗ്‌രാജ് വെസ്റ്റിലെ ഉപതിര‍ഞ്ഞെടുപ്പിൽ രാജു പരാജയപ്പെടുത്തിയത് ആതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്റഫിനെയാണ്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. 2023ൽ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലും വെടിയേറ്റു മരിച്ചു.

ദിവസങ്ങൾക്കകം ആതിഖിനെയും അഷ്റഫിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രയാഗ്​രാജിലേക്ക് മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടുപോകും വഴി പ്രതികൾ വെടിയേറ്റു കൊല്ലപ്പെടു​കയായിരുന്നു. ആതിഖിന്റെ മകൻ ആസാദും ഏറ്റുമുട്ടലിൽ മരിച്ചിരുന്നു.‌

പുതിയ സംഘടനാ പുനഃസംഘടനയിൽ വിവിധ ജാതി-സാമൂഹിക വിഭാഗങ്ങൾക്കും പ്രാദേശിക മേഖലകൾക്കും പ്രതിനിധാനം ഉറപ്പാക്കാൻ ബി.ജെ.പി ശ്രമിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. യുവ നേതാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാധാന്യം നൽകിയെന്നും അവർ പറയുന്നു. 2027 നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ആദ്യ സൂചനയാണ് പുനഃസംഘടന. സമാജ്‌വാദി പാർട്ടിയുടെ സാമൂഹിക സമവാക്യങ്ങൾക്ക് മറുപടി നൽകാനും സംഘടനാതലത്തിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുമാണ് പുതിയ നിയമനങ്ങളിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - BJP Names Rajnath Singhs Son SP Rebel MLA Pooja Pal to Key UP Posts Ahead of 2027 Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.