ജനാധിപത്യ പ്രതിഷേധത്തെ ഇല്ലാതാക്കാമെന്നത് കേന്ദ്ര സർക്കാറിന്‍റെ വ്യാമോഹം -മുഖ്യമന്ത്രി

തിരുവനന്തപുരം: ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്നത് കേന്ദ്ര ഭരണ നേതൃത്വത്തിന്‍റെ വ്യാമോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എൻ.ഡി.എ സർക്കാർ കാണിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് ഇടത് പാര്‍ട്ടികളും ജാമിഅ മില്ലിയ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ചത് ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഇപ്പോൾ ഇടതുപക്ഷ പാർട്ടി നേതാക്കളെ അറസ്റ്റു ചെയ്തിരിക്കുന്നു. സമരം ചെയ്യുന്നവരെയൊക്കെ അറസ്റ്റ് ചെയ്യുന്നു. ഭീഷണിപ്പെടുത്തുന്നു.

രാജ്യ തലസ്ഥാനത്തു പോലും ഇന്‍റർനെറ്റും മൊബൈൽ ഫോണും ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നു.

ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനങ്ങളുടെ രോഷം എന്ന് കരുതുന്നത് മൗഢ്യമാണ്. രാജ്യത്തെ സുപ്രധാന സർവകലാശാലകളെയും വിദ്യാർഥികളെയും ആക്രമിക്കുന്നത് അവസാനിപ്പിക്കണം. ഭരണഘടനാ മൂല്യങ്ങളെയും പൗരാവകാശങ്ങളെയും ചവിട്ടിത്തേച്ചു മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാർ ശ്രമിക്കരുത്.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരടക്കമുള്ള നേതാക്കളെ ഡൽഹിയിലും ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ ബംഗളൂരുവിലും കസ്റ്റഡിയിലെടുത്തതിൽ മുഖ്യമന്ത്രി പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കിരാത നടപടികൾക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

Tags:    
News Summary - pinarayi vijayan statement on left leaders arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.