'വോട്ടർപട്ടിക അട്ടിമറിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഇടപെടലുകൾ ഞെട്ടിക്കുന്നത്'; സ്ഥാനത്ത് നിന്ന് നീക്കണമെന്നും പിണറായി വിജയൻ
തിരുവനന്തപരം: എസ്.ഐ.ആർ, എസ്.എസ്.ആർ തുടങ്ങിയ വോട്ടർപട്ടിക പുനഃപരിശോധനാ പ്രക്രിയകളിൽ സുതാര്യതയില്ലാത്ത തീരുമാനങ്ങളാണ് അടിച്ചേൽപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ കൃത്രിമങ്ങൾക്കെല്ലാം ഇലക്ഷൻ കമീഷൻ ആസ്ഥാനത്ത് നിന്നുതന്നെയാണ് നേതൃത്വം നൽകിയത് എന്ന മാധ്യമ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങൾ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത പൂർണ്ണമായും തകർക്കപ്പെടുന്ന സാഹചര്യമാണ് പുറത്തുവരുന്നത്. കമീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ രേഖപ്പെടുത്തിയ നിയമപരമായ അഭിപ്രായങ്ങൾ പോലും തള്ളിക്കളഞ്ഞുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ നടത്തുന്ന ഏകാധിപത്യപരമായ ഇടപെടലുകൾ അങ്ങേയറ്റം ഗൗരവമുള്ളതാണ്.
തെരഞ്ഞെടുപ്പ് കമീഷന്റെ കൂട്ടുത്തരവാദിത്തം പൂർണ്ണമായും ഇല്ലാതാക്കിയ അദ്ദേഹം, ഭരണകക്ഷിക്ക് അനുകൂലമായി കമ്മീഷനെ ചലിപ്പിക്കാനും അധികാരം അട്ടിമറിക്കാനും ശ്രമിക്കുകയാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഈ ഗൂഢാലോചന, ഭരണഘടന ഉറപ്പുനൽകുന്ന സാർവത്രിക പ്രായപൂർത്തി വോട്ടവകാശം എന്ന അടിസ്ഥാന അവകാശത്തെയാണ് ഇല്ലാതാക്കുന്നത്.
ഈ ഗുരുതരമായ സാഹചര്യത്തിൽ നമുക്ക് മൗനം പാലിക്കാനാകില്ല. ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യത്തെ ഇടതുപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ്. ഭരണകക്ഷിക്ക് അനുകൂലമായി ജനാധിപത്യ സംവിധാനത്തിൽ കൃത്രിമം കാണിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ ഉടനടി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. സുതാര്യമല്ലാത്ത വോട്ടർപട്ടിക പുനഃപരിശോധനാ പ്രക്രിയകൾ അടിയന്തരമായി നിർത്തിവെച്ച്, പട്ടികയിൽ നിന്ന് അന്യായമായി ഒഴിവാക്കപ്പെട്ടവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കാൻ തയ്യാറാകണം.
നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ നാം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും പങ്കുചേരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ നിലനിൽപ്പിനായി ഈ ഏകാധിപത്യ പ്രവണതകൾക്കെതിരെ നമുക്ക് ഒരുമിച്ച് ശബ്ദമുയർത്താമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.