എട്ടുവയസ്സുള്ള പെൺകുട്ടിക്ക് 28 കാരൻ വരനെന്ന് ട്വീറ്റുകൾ; തനിക്ക് 18 വയസ്സ് തികഞ്ഞെന്ന് 'നവവധു'

പാറ്റ്ന: ബിഹാറലെ നവാദയിൽ എട്ടുവയസ്സുകാരിയെ 28കാരൻ വിവാഹം ചെയ്തെന്ന ട്വീറ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. പെൺകുട്ടിയും വരനും ഒരുമിച്ചുള്ള ചിത്രവും പ്രചരിച്ചിരുന്നു.

ദാരിദ്ര്യമാണ് ഇങ്ങനെ പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവാഹം ചെയ്തയക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാൽ, സംഭവം വിവാദമായതോടെ, തനിക്ക് പ്രായപൂർത്തിയായെന്ന് അവകാശപ്പെട്ട് പെൺകുട്ടി തന്നെ രംഗത്തെത്തി.

നവവധുവായ തനു കുമാരിയാണ് തനിക്ക് 18 വയസ് തികഞ്ഞെന്ന് വ്യക്തമാക്കി വിഡിയോ പങ്കുവെച്ചത്. 2002 ജനുവരി ഒന്നിനാണ് താൻ ജനിച്ചത്. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നതായി ബന്ധുക്കളാണ് അറിയിച്ചത്. ഇതിന് പിന്നിൽ ആരാണെന്ന് അറിയില്ല. രണ്ട് കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് തന്‍റെ വിവാഹം നടന്നതെന്നും തനു കുമാരി വ്യക്തമാക്കി.

സംഭവത്തിൽ പൊലീസും ഇടപെട്ടു. തനു കുമാരിക്ക് വിവാഹപ്രായം തികഞ്ഞെന്നാണ് പൊലീസും കണ്ടെത്തിയത്. ആധാർ കാർഡ് പ്രകാരം കുട്ടിക്ക് 18 തികഞ്ഞതായി കണ്ടെത്തിയെന്ന് വ്യക്തമാക്കി പൊലീസ് പ്രസ്താവനയും ഇറക്കി. സമൂഹമാധ്യമങ്ങളിലൂടെ നടന്നത് വ്യാജപ്രചാരണമാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, സംഭവം ശ്രദ്ധയിൽപെട്ട ദേശീയ ബാലാവകാശ കമീഷൻ പൊലീസിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Photo of 8-year old girl married to 28-year old man surfaces, family refutes the claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.