ഹൈദരാബാദ്: മുൻഭാര്യയോടുള്ള പക തീർക്കാൻ ഹൈദരാബാദിലെ ഒരു കുടുംബത്തെ മുഴുവൻ വിഷം നൽകി കൊലപ്പെടുത്താൻ പദ്ധതിയിട്ട യു.കെയിലെ ഫാർമസിസ്റ്റ് ലണ്ടനിൽ പിടിയിലായി. അജിത് കുമാർ മുപ്പാരപ്പുവാണ് ലണ്ടനിലെ മെയ്ഡൻഹെഡിൽ വെച്ച് പൊലീസ് പിടിയിലായത്. 2018-ൽ വിവാഹിതരായ അജിത്തും ശിരീഷയും പീഡനങ്ങളെത്തുടർന്ന് ശിരീഷ വിവാഹമോചനത്തിന് അപേക്ഷ നൽകിയതാണ് വൈരാഗ്യത്തിന് കാരണമായത്. ഫാർമസിസ്റ്റ് എന്ന നിലയിലുള്ള തന്റെ അറിവ് ഉപയോഗിച്ച് മാരകവിഷമായ ആർസനിക് ഉപയോഗിച്ചാണ് അജിത് കൊലപാതകത്തിന് പദ്ധതിയിട്ടത്.
സയൻസ് അധ്യാപികയായ സഹോദരി വഴി സംഘടിപ്പിച്ച ആർസനിക്, ഉപ്പിലും മുളകുപൊടിയിലും കലർത്തി ഓൺലൈൻ ഡെലിവറി ഏജന്റ് വഴി ശിരീഷയുടെ വീട്ടിലെത്തിക്കുകയായിരുന്നു. ഈ പൊടികൾ ചേർത്ത് പാകം ചെയ്ത ഭക്ഷണം കഴിച്ച് ശിരീഷയുടെ അമ്മ ഉമാ മഹേശ്വരി 2023 ജൂലൈയിൽ മരണപ്പെട്ടു. സ്വാഭാവിക മരണമെന്ന് കരുതി സംസ്കാരം നടത്തിയെങ്കിലും പിന്നീട് വീട്ടിലെത്തിയ മരുമകൾ ശശിരേഖ ഗുരുതരാവസ്ഥയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ശശിരേഖയുടെ നഖങ്ങളിലെ വെള്ളവരകൾ കണ്ട് ഡോക്ടർക്ക് തോന്നിയ സംശയമാണ് ആർസനിക് വിഷബാധ സ്ഥിരീകരിക്കാൻ സഹായിച്ചത്. പരിശോധനയിൽ ഇവരുടെ ശരീരത്തിൽ സാധാരണയേക്കാൾ പത്തിരട്ടി അധികം വിഷാംശം കണ്ടെത്തി.
ആർസനിക് പ്രയോഗത്തിന് മുൻപ് ശിരീഷയുടെ പിതാവിനെ റോഡപകടത്തിൽ കൊലപ്പെടുത്താൻ നാല് ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു. പിന്നീട് മാരകവിഷമായ സിക്സിനൈൽ കോളിൻ കുത്തിവെച്ച് കുടുംബത്തെ കൊലപ്പെടുത്താൻ സുഹൃത്തുക്കൾക്ക് നിർദ്ദേശം നൽകിയതായും പൊലീസ് കണ്ടെത്തി. കേസിൽ അജിത്തിന്റെ സഹോദരി ഉൾപ്പെടെ ഒൻപത് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്റർപോൾ നോട്ടീസിനെത്തുടർന്ന് ലണ്ടനിൽ പിടിയിലായ പ്രതിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.