ന്യൂഡൽഹി: മധ്യ ഡൽഹിയിലെ ഉദ്യോഗ് ഭവന് സമീപത്തെ തൊഴിലാളി ലയങ്ങളിൽ വൻ തീപിടിത്തം. ബുധനാഴ്ച പുലർച്ച ഉണ്ടായ അപകടത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനൂറോളം തകര ഷെഡുകൾ പൂർണമായും കത്തിയമർന്നു. ഇലക്ട്രിക്കൽ പാനലിലെ തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ച 3.02ഓടെയാണ് ഉദ്യോഗ് ഭവന് സമീപത്തെ ഇലക്ട്രിക്കൽ പാനലിൽനിന്ന് തീപടർന്നതായി ഡൽഹി ഫയർ സർവിസിന് സന്ദേശം ലഭിക്കുന്നത്. അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതുമായ തകരഷെഡുകളിലേക്ക് തീ പെട്ടെന്നുതന്നെ വ്യാപിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ടെങ്കിലും കൃത്യമായ വിലയിരുത്തൽ പൂർത്തിയായിട്ടില്ല.
സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമാൺ ഭവൻ പൊളിച്ചതിന് പിന്നാലെ, 1950കളുടെ അവസാനത്തിൽ നിർമിച്ച പ്രമുഖ സർക്കാർ ഓഫിസ് സമുച്ചയമായ ഉദ്യോഗ് ഭവനും നിലവിൽ പൊളിച്ചുനീക്കുകയാണ്. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു താൽക്കാലിക ലയങ്ങൾ ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.