ചുമമരുന്ന് മരണം: മരുന്ന് കമ്പനി ഉടമ അറസ്റ്റിൽ

ചെന്നൈ: നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്ഡ്രിഫ് സിറപ്പിന്റെ നിർമാതാക്കളായ ശ്രേഷൻ ഫാർമയുടെ ഉടമ അറസ്റ്റിൽ. മധ്യപ്രദേശ് പൊലീസാണ് ഉടമയായ രംഗനാഥനെ ചെന്നൈയിൽ നിന്നും പിടികൂടിയത്. ശ്രേഷൻ ഫാർമ നിർമിച്ച കഫ് സിറപ്പായ കോൾഡ്ഡ്രിഫ് ഉപയോഗിച്ച 20ഓളം കുട്ടികൾ മരിച്ചിരുന്നു. തുടർന്ന് നിരവധി സംസ്ഥാനങ്ങൾ കഫ് സിറപ്പ് നിരോധിച്ചിരുന്നു. കഫ് സിറപ്പ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രംഗനാഥൻ ഒളിവിലായിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20,000 രൂപ സമ്മാനവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.

മധ്യപ്രദേശ് പൊലീസ് ടീം ബുധനാഴ്ച കാഞ്ചിപുരത്തെ രംഗനാഥന്റെ ഉടമസ്ഥതയിലുള്ള മരുന്ന് നിർമാണ യൂനിറ്റ് പരിശോധിച്ചിരുന്നു. രംഗനാഥൻ ഉൾപ്പെടെ പ്രതികളെ പിടികൂടുന്നതിന് ഇവർ തമിഴ്നാട് പൊലീസിന്റെ സഹായം തേടുകയും ചെയ്തു.

സീഗോ ലാബ്‌സ്, ഇവൻ ഹെൽത്ത്‌കെയർ എന്നീ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളുമായും രംഗനാഥന് അടുത്ത ബന്ധമാണുള്ളത്. അടച്ചുപൂട്ടിയ കാഞ്ചിപുരത്തെ യൂനിറ്റിന് മുന്നിലായി തമിഴ്‌നാട് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് പതിച്ചിരുന്നു. നിർമിച്ച മൊത്തം മരുന്നിന്റെ അളവ്, അസംസ്കൃത വസ്തുക്കളുടെയും പ്രൊപിലീൻ ഗ്ലൈക്കോളിന്റെയും ഇൻവോയ്‌സുകൾ, പാക്കിങ് മെറ്റീരിയൽ വിശദാംശങ്ങൾ, മരുന്നിന്റെ മാസ്റ്റർ ഫോർമുല എന്നിവ ഒരാഴ്ചക്കകം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന മരുന്ന് നിർമാണ യൂനിറ്റിൽ അടിസ്ഥാന സൗകര്യങ്ങളോ യോഗ്യതയുള്ള ജീവനക്കാരോ ഉണ്ടായിരുന്നില്ല. ചെന്നൈ കോടമ്പാക്കത്ത് അപ്പാർട്മെന്റ് കെട്ടിടത്തിലെ ഒന്നാംനിലയിൽ പ്രവർത്തിച്ചിരുന്ന രജിസ്ട്രേഡ് ഓഫിസും ഒഴിഞ്ഞുകൊടുത്തനിലയിലാണ്. മദ്രാസ് മെഡിക്കൽ കോളജിൽ നിന്ന് ഫാർമസി ബിരുദം നേടിയ രംഗനാഥൻ നാലു പതിറ്റാണ്ടിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്.

Tags:    
News Summary - Pharma Firm Owner Detained Over 20 Children's Deaths Linked To Coldrif Syrup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.