അയോധ്യാവിധി അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി; അഭിഭാഷകന് ആറുലക്ഷം രൂപ പിഴ

ഡൽഹി: സുപ്രീം കോടതിയുടെ 2019 ലെ അയോധ്യ വിധി അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മെഹ്മൂദ് പ്രാച്ച സമർപ്പിച്ച ഹരജിയാണ് ഡൽഹി കോടതി തള്ളിയത്. ഈ വിഷയത്തിൽ തന്റെ കേസ് തള്ളിക്കൊണ്ടുള്ള സിവിൽ കോടതിയുടെ ഉത്തരവിനെ ജില്ല കോടതിയിൽ സമർപ്പിച്ച ഹരജിയിൽ, പ്രാച്ച ചോദ്യംചെയ്തിരുന്നു.

2019 ലെ അയോധ്യ കേസിന്റെ വിധി ഭഗവാൻ ശ്രീരാം ലല്ല നൽകിയ പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അന്നത്തെ താൽകാലിക ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ് ഒരു പ്രസംഗത്തിൽ പറഞ്ഞതായി പ്രാച്ച ഹരജിയിൽ അവകാശപ്പെട്ടു. പ്രശ്നപരിഹാരത്തിനായി ദൈവത്തോട് പ്രാർഥിക്കുക മാത്രമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചെയ്തതെന്നും അത് ഒരു കക്ഷിയിൽ നിന്നും അഭിപ്രായമോ പരിഹാരമോ തേടലല്ലെന്നും കോടതി വ്യക്തമാക്കി. ദൈവവും നിയമപരമായി അംഗീകരിക്കപ്പെട്ട വ്യവസ്ഥിതിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് അഭിഭാഷകൻ കേസ് ഫയൽ ചെയ്തതെന്ന് കോടതി പറഞ്ഞു.

പട്യാല ഹൗസ് കോടതിയിലെ ജില്ല ജഡ്ജി ധർമേന്ദ്ര റാണ പ്രാച്ചയുടെ കേസ് നിസ്സാരവും, തെറ്റിദ്ധാരണാജനകവും, നീതിന്യായ പ്രക്രിയയുടെ ദുരുപയോഗവുമാണെന്ന് പ്രസ്താവിച്ചു. കീഴ്‌കോടതി ചുമത്തിയ ഒരു ലക്ഷം രൂപ പിഴ 6 ലക്ഷം രൂപയാക്കി വർധിപ്പിച്ചുകൊണ്ട് ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് കോടതി വ്യക്തമാക്കി.

മുൻ ചീഫ് ജസ്റ്റിസ് ദൈവത്തോട് പ്രാർഥിക്കുന്നതിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും ഇത് പൂർണമായും ആത്മീയ പ്രകടനമാണെന്നും ഏതെങ്കിലും പക്ഷപാതത്തിന്റെയോ ബാഹ്യ സ്വാധീനത്തിന്റെയോ പ്രതിഫലനമല്ലെന്നും ജസ്റ്റിസ് ധർമേന്ദ്ര റാണ പറഞ്ഞു. നിയമ വ്യക്തിത്വത്തിനും ദൈവത്തിനും ഇടയിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിൽ ഹരജിക്കാരൻ പരാജയപ്പെട്ടെന്നും കോടതി പ്രസ്താവിച്ചു.

ജഡ്ജിമാർക്കെതിരായ അത്തരം സിവിൽ നടപടി നിരോധിച്ചിട്ടുണ്ടെന്ന് 1985 ലെ ജഡ്ജിമാരുടെ സംരക്ഷണ നിയമം ഉദ്ധരിച്ച് കോടതി പ്രസ്താവിച്ചു. പ്രാച്ചയുടെ നടപടി നിയമത്തെ പരിഹസിക്കുന്നതാണെന്ന് കോടതി വിശേഷിപ്പിക്കുകയും അത്തരം കേസുകൾ തടയുന്നതിന് കർശനമായ ശിക്ഷ ആവശ്യമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.ചില വ്യക്തികൾ ജുഡീഷ്യറിയെയും പൊതു ഉദ്യോഗസ്ഥരെയും ദുരുപയോഗം ചെയ്ത് അവരെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. സംരക്ഷകൻ വേട്ടക്കാരനായി മാറുമ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമാകും. ഒടുവിൽ, കോടതി കീഴ്‌കോടതിയുടെ തീരുമാനം ശരിവെക്കുകയും പ്രാച്ചയുടെ അപ്പീൽ തള്ളി, അദ്ദേഹത്തിന് ചുമത്തിയ പിഴ ഒരു ലക്ഷത്തിൽനിന്ന് ആറു ലക്ഷമായി ഉയർത്തി വിധി പ്രസ്താവിക്കുകയുമായിരുന്നു.

Tags:    
News Summary - Petition seeking quashing of Ayodhya verdict dismissed; lawyer fined Rs 6 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.