ചണ്ഡീഗഢ്: ക്ലാസിൽ നേരിട്ടെത്തി പഠനം നടത്തി പരിശീലിക്കാത്തവരെ എൻജിനീയർമാർ എന്നു വിളിക്കാനാവില്ലെന്ന് പഞ്ചാബ്, ഹരിയാന കോടതി. വിദൂരവിദ്യാഭ്യാസം വഴി സിവിൽ എൻജിനീയറിങ് ബിരുദം നേടിയ ആളെ എക്സിക്യൂട്ടീവ് എൻജിനീയറായി നിയമിച്ച ഹരിയാന പൊലീസ് ഹൗസിങ് കോർപറേഷൻ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതിയുടെ പരാമർശം.
''ക്ലാസിൽ നേരിട്ടെത്തി എൻജിനീയറിങ് പഠിക്കാത്ത ആളെ എൻജിനീയറായി കാണാൻ ബുദ്ധിമുട്ടുണ്ട്. എൻജിനീയറാകാൻ തിയറിക്കു പുറമേ പ്രായോഗിക പരിശീലനം കൂടിയേ തീരൂ. പരിശീലനത്തിലൂടെയാണ് വിദ്യാർഥികൾ കാര്യങ്ങൾ മനസിലാക്കുന്നത്. അതിനാൽ എൻജിനീയറിങ് ക്ലാസിൽ നേരിട്ട് പഠനം നടത്താത്തവരെ എൻജിനീയർ എന്നു വിളിക്കാനാകില്ല. ഇങ്ങനെ വിദൂര വിദ്യാഭ്യാസം വഴി സിവിൽ എൻജിനീയറിങ് കഴിഞ്ഞവരെ എൻജിനീയർമാരായി പരിഗണിച്ചു തുടങ്ങിയാൽ, വിദൂരവിദ്യാഭ്യാസം വഴി എം.ബി.ബി.എസ് വിജയിച്ചവർ രോഗികളെ പരിശോധിക്കുന്ന സ്ഥിതിയും അധികം താമസിയാതെ സംഭവിക്കും. വളരെ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കാവുന്ന സംഗതിയാണത്.''-ജസ്റ്റിസ് അനുപീന്ദർ സിങ് ഗ്രെവാൾ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
വിദൂരവിദ്യാഭ്യാസം വഴി എം.ബി.ബി.എസ് കരസ്ഥമാക്കിയ ഒരു ഡോക്ടർ രോഗികളെ പരിശോധിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ വിറയൽ വരുന്നു. രാജ്യത്തിന്റെ അടിസ്ഥാന നിർമാണ മേഖലയുടെ അനിവാര്യ ഘടകമാണ് എൻജിനീയർമാർഎന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിനോദ് റാവലിനെ എക്സിക്യൂട്ടീവ് എൻജിനീയറായി നിയമിച്ച നടപടി ചോദ്യം ചെയ്ത് നരേഷ് കുമാറും സംഘവും സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. യു.ജി.സി, എ.ഐ.സി.ടി.ഇ അംഗീകാരമില്ലാത്ത ജെ.ആർ.എൻ രാജസ്ഥാൻ വിദ്യാപീത് യൂനിവേഴ്സിറ്റിയിൽ നിന്നാണ് ഇയാൾ എൻജിനീയറിങ് ബിരുദം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.