കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനർജിയെ തൃണമൂൽ കോൺഗ്രസ് ഓഫിസിൽ മരിച്ചനിലയിൽ കണ്ടെത്തി.
വീടിന് സമീപമുള്ള തൃണമൂൽ കോൺഗ്രസ് ഓഫിസിലാണ് ഇന്ന് രാവിലെ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് കുറിപ്പിലുണ്ടെന്നും പൊലീസ് അറിയിച്ചു.
ആശിഷ് ബാനർജി മമത ബാനർജി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. റാംപുർഹാട്ടിൽ നിന്ന് അഞ്ച് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു. മമത ബാനർജി ആദ്യമായി സംസ്ഥാനത്ത് അധികാരത്തിലെത്തിയതിന് പിന്നാലെ മന്ത്രിസഭയിലും ആശിഷ് ബാനർജി വിവിധ ചുമതലകൾ വഹിച്ചിരുന്നു.
വിദ്യാഭ്യാസം, കൃഷി തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഈ വർഷം നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ധ്രുബ സാഹയോടാണ് ആശിഷ് ബാനർജി പരാജയപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാണ് മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.