ദേവേന്ദ്ര നാഥ് മഹ്തോ നിരാഹാരത്തിനിടെ

‘വരും തലമുറക്ക് പോരാടേണ്ടി വരരുത്, വിദ്യാഭ്യാസ മേഖലയിൽ ശാശ്വത പരിഷ്കരണം വേണം’ -ഝാർഖണ്ഡ് വിദ്യാർഥി പ്രക്ഷോഭത്തിന്റെ നേതാവ്

റാഞ്ചി: അവകാശങ്ങൾക്കായി ഇത്രയധികം പോരാടേണ്ടി വരാത്തവിധം വിദ്യാഭ്യാസ സമ്പ്രദായം മാറണമെന്നും ശാശ്വത പരിഷ്കരണങ്ങൾ അനിവാര്യമാണെന്നും ഝാർഖണ്ഡിൽ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ദേവേന്ദ്ര നാഥ് മഹ്തോ. ഝാർഖണ്ഡ് പബ്ലിക് സർവീസ് കമീഷൻ, ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷൻ എന്നിവയുടെ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ആരംഭിച്ച ഉപവാസ സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അടിയന്തരമായ പരിഹാരം അനിവാര്യമാണെന്നും തലമുറകളോളം ഗുണം ചെയ്യുന്ന രീതിയിലുള്ള ശാശ്വതമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും ദേവേന്ദ്ര നാഥ് 'എക്സി'ൽ കുറിച്ചു. പ്രശ്നപരിഹാരത്തിന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് റാഞ്ചിയിലെ ഗസ്റ്റ് ഹൗസിൽ ചർച്ച നടത്താൻ സർക്കാർ പ്രതിനിധികൾ ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രിതല സംഘങ്ങളിൽനിന്ന് അനുകൂല തീരുമാനം പ്രതീക്ഷക്കുന്നുവെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കി.

അഡീഷനൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ധനഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ധർണാസ്ഥലത്തെത്തിയാണ് സമരക്കാരെയും നിയമോപദേശകരെയും ക്ഷണിച്ചത്. ചർച്ചയിൽ പങ്കെടുക്കുമെന്ന് സമര നേതാവ് രവീന്ദ്ര പസ്വാൻ അറിയിച്ചെങ്കിലും, വിഷയത്തിൽ സർക്കാറിന് എത്രത്തോളം ആത്മാർഥതയുണ്ടെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഝാർഖണ്ഡിലെ നിയമന ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന വിദ്യാർഥികളുടെ പ്രക്ഷോഭം 23 ദിവസം പിന്നിട്ടിരിക്കുകയാണ്. ആഗസ്റ്റ് 20ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതി ഉപരോധിക്കുമെന്ന് പ്രക്ഷോഭകർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാർ വീണ്ടും ചർച്ചക്ക് തയാറായത്. 

വിദ്യാർഥി സംഘടന പ്രതിനിധികളുമായി ഞായറാഴ്ച നടന്ന ആറ് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ഒടുവിൽ ഉദ്യോഗാർഥികൾക്കുമുന്നിൽ ഝാർഖണ്ഡ് സർക്കാർ വഴങ്ങിയിരുന്നു. തുടർന്ന്, ഝാർഖണ്ഡ് പബ്ലിക് സർവിസ് കമീഷനിലെ മൂന്ന് അംഗങ്ങൾ രാജിവെക്കുകയും സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷ ഉൾപ്പെടെ മൂന്ന് പ്രധാന റിക്രൂട്ട്മെന്റ് പരീക്ഷകൾ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഉദ്യോഗാർഥികളുടെ ആവ‍ശ്യങ്ങൾ പൂർണമായും സർക്കാർ അംഗീകരിക്കാൻ തയാറാവാത്തതിനാൽ സമരം തുടരുകയായിരുന്നു.

Tags:    
News Summary - 'permanent reforms are needed in the education sector' - Leader of Jharkhand student agitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.