ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പുതിയ അവകാശവാദവുമായി പ്രതി. സഹയാത്രികയായ വയോധിക സ്വയം സീറ്റിൽ മൂത്രമൊഴിച്ചതാണെന്നാണ് അറസ്റ്റിലായ ശങ്കർ മിശ്രയുടെ പുതിയ ആരോപണം. താൻ ആരുടെ ദേഹത്തും മൂത്രമൊഴിച്ചിട്ടില്ലെന്നും സഹയാത്രിക സ്വയം ചെയ്തതാണെന്നും പ്രതി ഡൽഹി കോടതിയിൽ വ്യക്തമാക്കി.
ശങ്കർ മിശ്രയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസ് അപേക്ഷയിൽ സെഷൻസ് കോടതിയുടെ നോട്ടീസിനുള്ള മറുപടിയായാണ് ശങ്കർ മിശ്ര പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം നിരസിച്ച കോടതി ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു.
പ്രതിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ നിരസിച്ചിരുന്നു. പ്രതിക്കെതിരായ ആരോപണങ്ങൾ വെറുപ്പുളവാക്കുന്നതാണെന്നും ഏതൊരു സ്ത്രീയെയും അപമാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. പ്രതിയുടെ പെരുമാറ്റം പൗരബോധത്തെ ഞെട്ടിക്കുന്നതാണെന്നും, അത് ഒഴിവാക്കേണ്ടതുണ്ടെന്നും ജഡ്ജി നേരത്തെ നിരീക്ഷിച്ചിരുന്നു.
എന്നാൽ അന്ന് നൽകിയ ജാമ്യാപേക്ഷയിൽ, സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചില്ല എന്ന അവകാശവാദത്തെക്കുറിച്ച് മിശ്രയുടെ അഭിഭാഷകർ പരാമർശമൊന്നും നടത്തിയിരുന്നില്ല. തന്റെ പ്രവൃത്തി ലൈംഗിക താത്പര്യ പ്രകാരമോ പരാതിക്കാരിയെ അപമാനിക്കുന്നതിനോ ചെയ്തതല്ല എന്നായിരുന്നു വാദിച്ചത്.
പ്രതിയുമായി അടുപ്പമുള്ളവർ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് മിശ്രക്കെതിരെ പരാതി നൽകിയ യുവതി വിചാരണ ഘട്ടത്തിൽ പറഞ്ഞിരുന്നു. ‘എനിക്ക് സ്ഥിരമായി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നു. 'കർമ്മം നിങ്ങളെ ബാധിക്കും' എന്ന് പ്രതിയുടെ പിതാവ് സന്ദേശം അയച്ചു. തുടർന്ന് സന്ദേശം ഡിലീറ്റ് ചെയ്തു. അവർ എനിക്ക് സന്ദേശങ്ങൾ അയക്കുകയും അവ ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നു. ഇത് അവസാനിപ്പിക്കണം’ - പരാതിക്കാരിയെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു.
നവംബർ അവസാനമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് മിശ്രയെ അറസ്റ്റ് ചെയ്തത്. യു.എസ് ബാങ്കിങ് ഭീമനായ വെൽസ് ഫാർഗോയിലെ ജീവനക്കാരനാണ് ശങ്കർ മിശ്ര. അറസ്റ്റിനു പിന്നാലെ ബാങ്ക് അദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു.
നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള യാത്രക്കിടെ അമിതമായി മദ്യപിച്ച മിശ്ര, ബിസിനസ് ക്ലാസിൽ യാത്രചെയ്യുകയായിരുന്ന 72കാരിയുടെ മേൽ മൂത്രമൊഴിക്കുകയായിരുന്നു.
എന്നാൽ സംഭവത്തിൽ വിമാന ജീവനക്കാർ പ്രതിയെ കൊണ്ട് ക്ഷമാപണം നടത്തി പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു. പിന്നീട് എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ടാറ്റ ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ എൻ. ചന്ദ്രശേഖരനോട് പരാതിപ്പെട്ടതായും യുവതി പറഞ്ഞു.
ആ സമയത്ത് സംഭവം റിപ്പോർട്ട് ചെയ്യാതിരുന്നതിന് ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ എയർ ഇന്ത്യ മാനേജ്‌മെന്റിനെ ശാസിക്കുകയും അനുചിതമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ എയർലൈനുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.