ന്യൂഡൽഹി: മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികളെ ലൗജിഹാദിലൂടെ നഷ്ടമായെന്ന പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗം ‘ഗുജറാത്ത് സമാചാർ’ അടക്കമുള്ള ഉത്തരേന്ത്യൻ മാധ്യമങ്ങൾ വാർത്തയാക്കി. പ്രസംഗത്തിന്റെ വിഡിയോ അടക്കം ഇവർ പങ്കുവെച്ചിട്ടുണ്ട്.
ഗുജറാത്ത് സമാചാർ എന്ന ഗുജറാത്തി മാധ്യമത്തിന് പാലായിലോ കോട്ടയത്തോ റിപ്പോർട്ടർമാർ ഇല്ലെന്നും എന്നാൽ, വടക്കേ ഇന്ത്യൻ സംഘങ്ങളുടെ അടിമ വേല ചെയ്യുന്ന ക്രിസംഘങ്ങൾ ഇവിടെയൊക്കെ ഉണ്ടെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടി എഴുത്തുകാരൻ സി.എൻ. ജയരാജൻ ഓർമിപ്പിച്ചു. ‘പി.സി ജോർജ് നടത്തുന്നത് ഒരു അഖിലേന്ത്യ സംഘപരിവാര ഗൂഢ അജണ്ടയുടെ ദൗത്യമാണ്. അത് അയാളുടെ വിടുവായത്തരമല്ല. പി.സി ജോർജിനെ പോലുള്ളവർക്ക് മുന്നിൽ നിയമം ഓച്ഛാനിച്ചു നിൽക്കുന്ന അവസ്ഥ സംഘഫാസിസ്റ്റുകൾ പരമാവധി ഉപയോഗപ്പെടുത്തുവെന്ന് മാത്രം. പ്രത്യക്ഷത്തിൽ വിടുവായത്തരം, വ്യക്തികേന്ദ്രീകൃതം എന്നൊക്കെ തോന്നിപ്പിക്കുന്ന രീതിയിൽ അതീവ ഗുരുതരമായ പരിപാടികളാണ് സംഘഫാഷിസ്റ്റുകൾ നടപ്പാക്കുന്നത് എന്നു നാം തിരിച്ചറിയണം. പാലായിലെ മീനച്ചിൽ താലൂക്കിലുള്ള 400 ക്രിസ്ത്യാനിപ്പെൺകുട്ടികളുടെ കാര്യമോ, ക്രിസ്ത്യൻ ഭവനങ്ങളിൽ മിശ്ര വിവാഹങ്ങൾ ഉണ്ടാകുന്നതിലുള്ള ആശങ്കയോ ഒന്നും ആയിട്ട് ഇതിനെ ചുരുക്കിക്കാണരുത്. അങ്ങിനെയെങ്കിൽ ഇത് ഗുജറാത്ത് സമാചാറിൽ ഗുജറാത്തിലെ സംഘപരിവാരങ്ങൾക്ക് പി.സി ജോർജിന്റെ പ്രസംഗം കേൾക്കാൻ വേണ്ടി വിഡിയോ രൂപത്തിൽ പ്രസിദ്ധീകരിക്കില്ലല്ലോ’ -അദ്ദേഹം എഴുതി.
ചിത്രത്തിൽ ഉള്ളത് ഗുജറാത്ത് സമാചാർ എന്ന ഗുജറാത്തി മാധ്യമത്തിന്റെ ട്വീറ്റ് ആണ്....
അതിൽ കൊടുത്തിരിക്കുന്നത് പി.സി. ജോർജിന്റെ വിഡിയോ ആണ്....
അതിൽ എഴുതിയിരിക്കുന്നത് ലൗ ജിഹാദ് ഒഴിവാക്കാൻ ക്രിസ്ത്യാനികൾ പെൺകുട്ടികളെ 24 വയസ്സിനുള്ളിൽ വിവാഹം കഴിപ്പിക്കണം എന്നാണ്...
ഗുജറാത്ത് സമാചാർ എന്ന ഗുജറാത്തി മാധ്യമത്തിന് പാലായിലോ കോട്ടയത്തോ റിപ്പോർട്ടർമാർ ഇല്ല...
എന്നാൽ വടക്കേ ഇന്ത്യൻ സംഘങ്ങളുടെ അടിമ വേല ചെയ്യുന്ന ക്രിസംഘങ്ങൾ ഇവിടെയൊക്കെ ഉണ്ട്...
സംഘവൽക്കരിക്കപ്പെട്ട മലയാളി മനസ്സുകളെ മാറ്റാൻ തയ്യാറല്ലാത്ത മുഖ്യധാരാ രാഷ്ട്രീയ പരിസരത്ത് ചില കാര്യങ്ങൾ ഒന്നു കൂടി വായനക്കാരെ ഓർമ്മിപ്പിക്കുക മാത്രം ചെയ്യട്ടെ..
ലവ് ജിഹാദ് എന്ന പദ പ്രയോഗം ആദ്യം നടത്തിയത് ജന ജാഗ്രതാ സമിതി എന്ന വടക്കേ ഇന്ത്യൻ സംഘ വിഷ സംഘടനയാണ്... അത് 2007-ൽ ആയിരുന്നു.
2009-ൽ കേരളത്തിൽ രണ്ട് സ്ത്രീകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പൊലീസ് ലവ് ജിഹാദ് ഉണ്ടോ എന്ന അന്വേഷണം നടത്തി. 2012-ൽ കേരളാ പൊലീസ് കണ്ടെത്തിയത് ലവ് ജിഹാദ് നിലനിൽക്കുന്നില്ല എന്നായിരുന്നു.
2017-ൽ ഹാദിയ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എൻ.ഐ.എ എന്ന ഫാഷിസ്റ്റ് ഭരണകൂട ഏജൻസിയോട് ലവ് ജിഹാദിനെ കുറിച്ച് അന്വേഷണം നടത്താൻ പറഞ്ഞിരുന്നു. അവർക്കും കോടതിക്ക് മുന്നിൽ പറയേണ്ടി വന്നു, ലവ് ജിഹാദ് എന്നൊരു സമ്പ്രദായം നിലവിൽ ഇല്ല എന്ന്...
2020-ൽ ഫാഷിസ്റ്റ് സർക്കാരിന്റെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ പറഞ്ഞത് രണ്ട് മിശ്രവിവാഹങ്ങൾ എൻഐഎ പരിശധിച്ചതടക്കം ഉള്ള ഒരു പൊലീസ് റിപ്പോർട്ടിലും ലവ് ജിഹാദ് നിലനിൽക്കുന്നുവെന്നതിന് ഒരു തെളിവും ഇതു വരെ കിട്ടിയിട്ടില്ല എന്നും ഇന്ത്യൻ നിയമത്തിൽ ലവ് ജിഹാദ് എന്ന ആശയം നിലവിലില്ല എന്നുമായിരുന്നു.
പി.സി. ജോർജിനെ, അയാൾ എത്ര കണ്ട് വിഷം തുപ്പിയാലും ഇന്ത്യൻ ശിക്ഷാ നിയമത്തിന് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അയാൾ തന്നെ ആവർത്തിച്ച് പ്രഖ്യാപിക്കുക കൂടി ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്.
പാലായിലെ മീനച്ചിൽ താലൂക്കിലുള്ള 400 ക്രിസ്ത്യാനിപ്പെൺകുട്ടികളുടെ കാര്യമോ, ക്രിസ്ത്യൻ ഭവനങ്ങളിൽ മിശ്ര വിവാഹങ്ങൾ ഉണ്ടാകുന്നതിലുള്ള ആശങ്കയോ ഒന്നും ആയിട്ട് ഇതിനെ ചുരുക്കിക്കാണരുത്. അങ്ങിനെയെങ്കിൽ ഇത് ഗുജറാത്ത് സമാചാറിൽ ഗുജറാത്തിലെ സംഘപരിവാരങ്ങൾക്ക് പി സി ജോർജിന്റെ പ്രസംഗം കേൾക്കാൻ വേണ്ടി വീഡിയോ രൂപത്തിൽ പ്രസിദ്ധീകരിക്കില്ലല്ലോ..
ഇത്തരം നീക്കങ്ങൾ മുമ്പ് തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് താഴെപ്പറയാം.
2015 ഒക്ടോബർ 4-ന് കോബ്രാപോസ്റ്റ് എന്നൊരു മാധ്യമ വിഭാഗവും അതിന്റെ സഹായി ഗ്രൂപ്പായ ഗുലൈലും ചേർന്ന് ഒരു വർഷം നീണ്ടു നിന്ന് രഹസ്യാന്വേഷണ പഠനങ്ങൾ നടത്തി ഒടുവിൽ ഒരു അന്വേഷണ റിപ്പോർട്ട് പുറത്തു കൊണ്ടു വന്നിരുന്നു. ഓപ്പറേഷൻ ജൂലിയറ്റ് എന്നായിരുന്നു അതിന്റെ പേര്.
അത് കൃത്യമായി ചൂണ്ടിക്കാണിച്ചത് ലവ് ജിഹാദ് സംഘപരിവാരങ്ങളുടെ ആസൂത്രിത അജണ്ടയാണ് എന്നായിരുന്നു. അവർ ഇതിന് വേണ്ടി കേരളം, കർണ്ണാടക, യു.പി എന്നിവിടങ്ങളിലെ സംഘപരിവാര കേന്ദ്രങ്ങൾ സന്ദർശിച്ച് രഹസ്യമായി ചിത്രങ്ങൾ വരെ പകർത്തിയിരുന്നു...
അതായത്, പി.സി ജോർജ് നടത്തുന്നത് ഒരു അഖിലേന്ത്യ സംഘപരിവാര ഗൂഢ അജണ്ടയുടെ ദൗത്യമാണ്. അത് അയാളുടെ വിടുവായത്തരമല്ല....
പി സി ജോർജിനെ പോലുള്ളവർക്ക് മുന്നിൽ നിയമം ഓച്ഛാനിച്ചു നിൽക്കുന്ന അവസ്ഥ സംഘഫാസിസ്റ്റുകൾ പരമാവധി ഉപയോഗപ്പെടുത്തുവെന്ന് മാത്രം.
അതീവ ഗുരുതരമായ പരിപാടികളാണ് പ്രത്യക്ഷത്തിൽ വിടുവായത്തരം, വ്യക്തികേന്ദ്രീകൃതം എന്നൊക്കെ തോന്നിപ്പിക്കുന്ന രീതിയിൽ തോന്നിപ്പിച്ചുകൊണ്ട് സംഘഫാഷിസ്റ്റുകൾ നടപ്പാക്കുന്നത് എന്നു നാം തിരിച്ചറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.