കോവിഡ്​ ബാധിതനായ മകനുമായി നടുറോഡിൽ ഒരമ്മ; ആംബുലൻസിൽ വന്നാലേ പ്രവേശിപ്പിക്കൂയെന്ന്​ ആശുപത്രിയധികൃതർ

അഹമ്മദാബാദ്​: കോവിഡ്​ ബാധിച്ച മകനുമായി നടുറോഡിൽ ഇരിക്കുന്ന ഒരമ്മയുടെ വിഡിയോ മഹാമാരിക്കാലത്തെ നൊമ്പരക്കാഴ്ചകളിലൊന്നാകുന്നു. അഹമ്മദാബാദിലെ സരസ്പൂരിലുള്ള ശാരദാബെന്‍ ആശുപത്രിക്ക് മുന്നില്‍ നിന്നുള്ള വിഡിയോ ആണിത്​. ആംബുലന്‍സില്‍ വന്നാല്‍ മാത്രമേ പ്രവേശിപ്പിക്കൂയെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞതിനെ തുടർന്നാണ്​ ഈ അമ്മക്ക്​ മകനെ റോഡിൽ കിടത്തേണ്ടി വന്നത്​.

ശാരദാബെന്‍ ആശുപത്രിയെ ഈ അടുത്താണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ശാരദാബെന്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സക്ക്​ പ്രവേശിപ്പിക്കണമെങ്കില്‍ 108 ആംബുലന്‍സില്‍ വരണം. ആംബുലൻസിൽ എത്താത്തതുകൊണ്ടാണ്​ അധികൃതർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാഞ്ഞത്​.

വിഡിയോ വൈറലായതോടെ ഇത്തരമൊരു സംഭവം ഉണ്ടായെന്ന്​ അഹമ്മദാബാദ്​ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതിനിധി സമ്മതിച്ചു. 'കോവിഡ് പോസിറ്റീവായാല്‍ 108 ആംബുലന്‍സില്‍ എത്തി വേണം ആശുപത്രിയില്‍ ചികിത്സ തേടാനെന്നാണ് ചട്ടം. മാത്രവുമല്ല, ചികിത്സ തേടിയെത്തിയ രോഗിയുടെ കയ്യില്‍ കോവിഡ് പോസിറ്റീവ് ആണെന്നതിന്‍റെ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നില്ല. ഇക്കാര്യമെല്ലാം രോഗിയോടും ബന്ധുവിനോടും പറഞ്ഞ് മനസ്സിലാക്കിയതാണ്​' -അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗബാധ സംശയിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാന്‍ ശാരദാബെന്‍ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് ഏര്‍പ്പാടാക്കിയിട്ടില്ലെന്ന്​ ആശുപത്രി അധികൃതർ വ്യക്​തമാക്കി. 'വന്ന രോഗിയോടും ബന്ധുക്കളോടും കോവിഡ് 19 ആണെന്ന റിപ്പോര്‍ട്ടുമായി ആംബുലന്‍സില്‍ വരണമെന്ന് പറഞ്ഞ് വിടുകയായിരുന്നു. പക്ഷേ അവര്‍ പുറത്തിറങ്ങി വീഡിയോ എടുക്കുകയായിരുന്നു. അവർ പിന്നീട് വന്ന് അഡ്മിറ്റായോ എന്നത്​ അറിയില്ല' -ആശുപത്രി അധികൃതർ പറയുന്നു. ബുധനാഴ്ച രാത്രിയാണ്​ സംഭവം നടന്നത്​. വ്യാഴാഴ്ചയാണ്​ ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്​.

Tags:    
News Summary - Patient sent back for want of 108 ambulance in Ahmedabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.