തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ അധ്യക്ഷതയിൽ നടക്കുന്ന ക്യാബിനറ്റ് യോഗങ്ങളിലും ഉന്നതതല ഔദ്യോഗിക ചർച്ചകളിലും നിയമപരമായി അധികാരമില്ലാത്ത രണ്ട് സ്വകാര്യ വ്യക്തികൾ പങ്കെടുത്തുവെന്നാരോപിച്ച് ഡി.എം.കെ ഡി.ജി.പിക്ക് പരാതി നൽകി. സംഭവത്തിൽ ക്രിമിനൽ അന്വേഷണം നടത്തണമെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡി.എം.കെ ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് പരാതി സമർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളെന്ന് കരുതപ്പെടുന്ന ജോൺ ആരോഗ്യസാമി, വിഷ്ണു റെഡ്ഡി എന്നിവർക്കെതിരെയാണ് പരാതി. ആന്ധ്രാപ്രദേശ് സ്വദേശികളായ ഇവർക്ക് സർക്കാർ രഹസ്യങ്ങൾ കൈകാര്യം ചെയ്യാനോ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാനോ യാതൊരു അധികാരവുമില്ലെന്ന് ഭാരതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ് ഡി.എം.കെ ആരോപിച്ചു. ക്യാബിനറ്റ് രേഖകൾ, ഔദ്യോഗിക ഫയലുകൾ, സുരക്ഷാ പ്രാധാന്യമുള്ള നയപരമായ കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന ഉന്നതതല യോഗങ്ങളിൽ ഇത്തരം വ്യക്തികളുടെ സാന്നിധ്യം ഗുരുതരമായ സുരക്ഷാ ലംഘനമാണ്. ഇവർക്ക് ഔദ്യോഗികമായി ഏതെങ്കിലും പദവിയുണ്ടോയെന്നും ഡി.എം.കെ നേതൃത്വം സംശയം ഉന്നയിക്കുന്നുണ്ട്. നിയമപരമായ അധികാരമില്ലാതെ ഇത്തരം യോഗങ്ങളിൽ പങ്കെടുത്തത് ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും ഇവർക്കെതിരെയും ഇവരെ യോഗങ്ങളിൽ പങ്കെടുക്കാൻ അനുവദിച്ച മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഡി.ജി.പി മഹേഷ് കുമാർ അഗർവാൾ ഐ.എ.എസ്-ഐ.പി.എസ് കോൺഫറൻസിലായതിനാൽ അഡീഷണൽ ഡി.ജി.പി പ്രവീൺ കുമാറാണ് പരാതി സ്വീകരിച്ചത്. സെക്രട്ടേറിയറ്റിലെ സന്ദർശകരുടെ വിവരങ്ങൾ, സി.സി.ടി.വി ദൃശ്യങ്ങൾ, ഓഫിസ് അനുവദിച്ചതിന്റെ രേഖകൾ, ഡിജിറ്റൽ ആശയവിനിമയങ്ങൾ എന്നിവ പരിശോധിച്ചുകൊണ്ട് സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു. നിയമവാഴ്ച ഉയർത്തിപ്പിടിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആർ.എസ്. ഭാരതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.