ജന്തർ മന്തറിൽ പ്രതിഷേധം പന്ത്രണ്ടാം ദിവസത്തിലേക്ക്; സോനം വാങ്ചുക്കിന്റെ ആരോഗ്യനില മോശം, കേന്ദ്രം മറുപടി പറയേണ്ടി വരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്. ജന്തർമന്തറിൽ നിരാഹാര സമരമിരിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളായി. വാങ്ചുക്കിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായി താഴ്ന്നതായും ആരോഗ്യനില വഷളായതായും സംഘാടകർ അറിയിച്ചു. അതീവ ചൂടുള്ള സാഹചര്യത്തിൽ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സംഘാടകർ പറഞ്ഞു.

പ്രതിഷേധ വേദിയിലേക്ക് ആളുകളെ കടത്തിവിടുന്നില്ലെന്നും, പിന്തുണക്കാനെത്തുന്ന പ്രവർത്തകരെ പൊലീസ് തടയുകയാണെന്നും പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. പ്രതിഷേധ സ്ഥലത്തേക്ക് പിന്തുണക്കുന്നവർ എത്തുന്നത് തടയുന്നതിനായി കനത്ത പൊലീസ് വിന്യാസവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി കോർ ടീമംഗങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായും അദ്ദേഹം എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

‘ജന്തർ മന്തറിൽ വൻ പൊലീസ് വിന്യാസം. പൊലീസ് ആളുകളെ അകത്തേക്ക് കടക്കാൻ അനുവദിക്കുന്നില്ല, കൂടാതെ ഞങ്ങളുടെ കോർ ടീം അംഗങ്ങളിൽ പലർക്കും പ്രവേശനം നിഷേധിക്കപ്പെടുന്നു. അവർ എന്താണ് ചെയ്യാൻ പദ്ധതിയിടുന്നത്?’ -അദ്ദേഹം ചോദിച്ചു. കൂടാതെ, രാജസ്ഥാൻ പാരാമെഡിക്കൽ കൗൺസിൽ പരീക്ഷാ പേപ്പർ ചോർച്ചയെക്കുറിച്ചും അദ്ദേഹം ആശങ്കകൾ ഉന്നയിച്ചു. പരീക്ഷകൾ ശരിയായി നടത്തുന്നതിൽ സർക്കാർ ആവർത്തിച്ച് പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനു പകരം പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലുള്ള മാഫിയക്കെതിരെയാണ് സർക്കാർ കർശന നടപടി സ്വീകരിക്കേണ്ടതെന്ന് ദിപ്കെ ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവും അദ്ദേഹം ആവർത്തിച്ചു.

വാങ്ചുക്കിന്റെ ആരോഗ്യ നില മോശമായതായും സംഘാടകർ പറഞ്ഞു. ഞായറാഴ്ച ആരംഭിച്ച നിരാഹാര സമരം മൂന്നാം ദിവസമായപ്പോൾ അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 66 ആയി കുറഞ്ഞതായാണ് റിപ്പോർട്ട്. വാങ്ചുക്കിന്റെ അവസ്ഥ ഗൗരവമായി കാണണമെന്നും എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കായിരിക്കും ഉത്തരവാദിത്തമെന്നും സംഘാടകരിൽ ഒരാളായ അശുതോഷ് റാങ്ക മുന്നറിയിപ്പ് നൽകി.

പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി ജൂൺ 20 മുതൽ ജന്തർ മന്തറിൽ ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. ഇതിനിടെ സോനം വാങ്ചുക്ക് പ്രതിഷേധത്തിന് പിന്തുണയുമായി എത്തുകയും നിരാഹാര സമരം ആരംഭിക്കുകയുമായിരുന്നു. ചൊവ്വാഴ്ചയും വാങ്‌ചുക്കിന്‌ അഭിവാദ്യം അർപ്പിച്ച്‌ നൂ‍റുകണക്കിന്‌ വിദ്യാർഥികളും സാധാരണക്കാരും സാമൂഹ്യപ്രവർത്തകരും ജന്തർമന്തറിൽ ഒത്തുകൂടിയിരുന്നു. 

Tags:    
News Summary - CJP protest Sonam Wangchuks Health Worsens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.