പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി നടന്ന രാഷ്ട്രീയപാർട്ടികളുടെ യോഗം
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങളുടെ ആരവത്തിനിടയിൽ തിങ്കളാഴ്ച തുടങ്ങുന്ന ശീതകാല പാർലമെന്റ് സമ്മേളനത്തിന് ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന്റെ കാഹളം. സുഗമമായ സഭാ നടത്തിപ്പിന് ശനിയാഴ്ച സർക്കാർ സർവകക്ഷി സമ്മേളനം വിളിച്ചെങ്കിലും സമാധാനാന്തരീക്ഷത്തിൽ പാർലമെന്റ് നടക്കില്ലെന്ന് ഉറപ്പായി.
ചോദ്യക്കോഴ വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ അയോഗ്യയാക്കണമെന്ന എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ആദ്യദിവസം തന്നെ ലോക്സഭയിൽ വെക്കും. ഇത് വലിയ ഒച്ചപ്പാടായി മാറുമെന്ന് വ്യക്തമാണ്. തൃണമൂൽ കോൺഗ്രസ് പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. എത്തിക്സ് കമ്മിറ്റിയുടെ നടപടികൾക്ക് വ്യക്തത കൊണ്ടുവരണമെന്നും പുറത്താക്കൽ അങ്ങേയറ്റം കടുത്ത ശിക്ഷയാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി സ്പീക്കർ ഓംബിർളക്ക് കത്തയച്ചു.
ബി.ജെ.പി എം.പി രമേശ് ബിധുരി ലോക്സഭയിൽ ബി.എസ്.പിയിലെ ഡാനിഷ് അലിയെ അധിക്ഷേപിച്ച സംഭവത്തിൽ നിരവധി പാർട്ടി പ്രതിനിധികൾ നൽകിയ പരാതി അന്വേഷിക്കുന്ന പ്രിവിലേജസ് കമ്മിറ്റി തീരുമാനമൊന്നും എടുത്തിട്ടില്ല. അതേസമയം, വാദിയെ പ്രതിയാക്കുന്ന വിധം ബിധുരിക്ക് അനുകൂലമായ പരാതികൾ കൂടി ചേർത്ത് ഒന്നിച്ചു വിശദീകരണം തേടാനും മൊഴിയെടുക്കാനുമാണ് കമ്മിറ്റി ഒരുങ്ങുന്നതെന്ന് സൂചന ലഭിച്ച ഡാനിഷ് അലി സ്പീക്കർക്ക് പ്രതിഷേധക്കത്ത് നൽകിയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ ലോക്സഭ തെരഞ്ഞടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നിരിക്കേ, സെമി ഫൈനലായി കാണുന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങൾ പാർലമെന്റ് പ്രവർത്തനത്തെ സ്വാധീനിക്കും. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യ നീക്കങ്ങളുടെ ഗതികൂടി നിശ്ചയിക്കുന്നതാണ് വോട്ടെണ്ണൽ ഫലം.
വനിത സംവരണ ബിൽ പാസാക്കിയപ്പോൾ വിട്ടുപോയ ജമ്മു-കശ്മീർ, പുതുച്ചേരി രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിൽ മൂന്നിലൊന്നു സംവരണം കൊണ്ടുവരാനുള്ള ബിൽ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജമ്മു-കശ്മീരിന്റെ കാര്യത്തിൽ ഭാവിയിൽ ഉണ്ടാവുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുള്ള നിയമസഭയിൽ വനിത സംവരണം ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്.
എല്ലാ വിഷയത്തിലും ചർച്ചയാകാമെന്നും അനുകൂല സാഹചര്യം പ്രതിപക്ഷം ഒരുക്കണമെന്നും സർവകക്ഷി യോഗത്തിനുശേഷം പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം വിലക്കയറ്റം, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തുടങ്ങി നിരവധി വിഷയങ്ങളാണ് പ്രതിപക്ഷത്തിന്റെ ആവനാഴിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.