നിയമ ഭേദഗതി പാര്‍ലമെന്‍റ് കടന്നു; ഭിന്നശേഷിക്കാര്‍ക്ക് നാലു ശതമാനം സംവരണം

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയെ ചൊല്ലിയുള്ള പോരിനിടെ, ഭിന്നശേഷി വിഭാഗ അവകാശ സംരക്ഷണ ബില്‍ 2016 പാര്‍ലമെന്‍റ് കടന്നു. ബുധനാഴ്ച രാജ്യസഭ പാസാക്കിയ ബില്ലിന് വെള്ളിയാഴ്ച ലോക്സഭയും ഏകസ്വരത്തില്‍ അംഗീകാരം നല്‍കി. ഭിന്നശേഷി വിഭാഗത്തിന്‍െറ അവകാശത്തിന് മുന്നില്‍ പാര്‍ട്ടികള്‍ രാഷ്ട്രീയം മാറ്റിവെച്ചതോടെയാണ് അത്യന്തം പ്രക്ഷുബ്ധമായ സമ്മേളനത്തിനിടയിലും സുപ്രധാന ബില്‍ പാര്‍ലമെന്‍റ് കടന്നത്.  
 
രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് കൊണ്ടുവന്ന ബില്‍ അന്ന് സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടുകയായിരുന്നു. സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച 82 ഭേദഗതികളില്‍ 59 എണ്ണം ഉള്‍പ്പെടുത്തി മോദി സര്‍ക്കാര്‍ ബില്‍ പുതുക്കി. പുതിയ നിയമത്തില്‍ ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ നേരിടുന്ന 21 വിഭാഗങ്ങളില്‍പെട്ടവരെ ഭിന്നശേഷിക്കാരായി പരിഗണിക്കും. നേരത്തേയുണ്ടായിരുന്ന നിയമത്തില്‍  എഴു വിഭാഗങ്ങളെ മാത്രമാണ് ഭിന്നശേഷി വിഭാഗമായി പരിഗണിച്ചിരുന്നത്. ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും നാലു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്.

 പൊതുഗതാഗത സംവിധാനങ്ങളിലും പൊതു കെട്ടിടങ്ങളിലും ഭിന്നശേഷി വിഭാഗങ്ങളുടെ സുഗമമായ സഞ്ചാരത്തിനുള്ള സംവിധാനം രണ്ടു വര്‍ഷത്തിനകം ഉണ്ടാക്കണം, ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമത്തിനും പരാതി പരിഹാരത്തിനുമായി കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ കമീഷണര്‍മാരുടെ നിയമനം തുടങ്ങിയ വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്.  

സമൂഹത്തില്‍ ഏറെ പ്രയാസപ്പെടുന്ന വിഭാഗത്തിന് മാന്യമായ ജീവിതത്തിനുള്ള വഴിയൊരുക്കാനുള്ള ശ്രമമാണ് പുതിയ നിയമമെന്ന് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി തല്‍വാര്‍ ചന്ദ് ഗഹ്ലോട്ട് പറഞ്ഞു. യു.പി.എ സര്‍ക്കാറിന്‍െറ ബില്ലില്‍ അഞ്ചു ശതമാനം സംവരണമാണ് നിശ്ചയിച്ചതെന്നും അത് നാലായി ചുരുക്കിയത് പുന$പരിശോധിക്കണമെന്നും കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാല്‍ ചര്‍ച്ചക്കിടെ ആവശ്യപ്പെട്ടു.

 

Tags:    
News Summary - Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.