ന്യൂഡൽഹി: ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത് വ്യക്തമായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കോൺഗ്രസ്. ഈ മാസം അവസാനത്തോടെ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുകയാണ്, സമ്മേളനം വിളിച്ചതിന്റെ ഉദ്ദേശ്യമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേഷ് ആരോപിച്ചു.
പാർലമെന്റിലെയും നിയമസഭകളിലെയും മണ്ഡല പുനർനിർണയം സംബന്ധിച്ച ഭരണഘടനാ ഭേദഗതി ധിറുതിയിൽ നടത്തേണ്ട കാര്യമല്ല. സുപ്രധാന വിഷയത്തിൽ സർക്കാർ ജാഗ്രതയോടെയാണ് നീങ്ങേണ്ടത്. തിരക്കിട്ട് ഭേദഗതി വരുത്തിയാൽ തമിഴ്നാടും കേരളവും പോലുള്ള സംസ്ഥാനങ്ങൾക്ക് അത് ദോഷകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിതാ സംവരണ ബില്ലിലെ ഭേദഗതികൾ സംബന്ധിച്ച് കോൺഗ്രസുമായി ചർച്ചക്ക് ആഗ്രഹിക്കുന്നതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തെഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ഓരോ പാർട്ടിയുമായും വെവ്വേറെ യോഗം ചേരുന്നതിനുപകരം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം ഏപ്രിൽ 29ന് സർക്കാർ സർവകക്ഷി സമ്മേളനം വിളിക്കണമെന്ന നിർദേശമാണ് ഖാർഗെ നിർദേശിച്ചത്. ഇക്കാര്യം എല്ലാ പ്രതിപക്ഷ കക്ഷികളും മാർച്ച് 24ന് ഐകകണ്ഠ്യേന സർക്കാറിനോട് ആവശ്യപ്പെട്ടതാണ്.
ഖാർഗെക്ക് വീണ്ടും കത്തെഴുതിയപ്പോഴും മന്ത്രിയെ അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചിട്ടുണ്ട്. എന്നിട്ടും, പ്രത്യേക സമ്മേളനം വിളിക്കാനുള്ള തീരുമാനവുമായി സർക്കാർ സ്വേച്ഛാപരമായി മുന്നോട്ടുപോകുകയാണ് ചെയ്തത്.
ഏപ്രിൽ 16 മുതൽ 18 വരെയുള്ള തീയതികൾ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച സമയമായിരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.