കണക്കുകൂട്ടലുകൾ തെറ്റിച്ച് സി.ജെ.പി സമരം: പ്രകാശ് രാജിനും അഭിജിത് ദീപ്കെക്കും പൊലീസ് കൈയേറ്റം; പാർലമെന്റ് കവാടങ്ങൾ അടച്ചു

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന സമരത്തിനിടെ അഭിജിത് ദീപ്കെക്കും പ്രകാശ് രാജിനും നേരെ ഡൽഹി പൊലീസിന്റെ കൈയേറ്റം.പിരിഞ്ഞുപോവാൻ തയ്യാറാവാത്ത യുവാക്കളും വിദ്യാർഥികളും സമരം ശക്തമാക്കിയതോടെ അടിച്ചമർത്തൽ നടപടിയുമായി പൊലീസ് മുന്നോട്ട് നീങ്ങുകയാണ്. ഡൽഹിയിൽ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാരെ ലാത്തിവീശി ഓടിക്കുകയാണ് പൊലീസ്. നേരത്തെ പാർലമെന്റിന് സമീപമെത്തിയ മാർച്ചിനു നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു.

പ്രതിഷേധക്കാർ പാർലമെന്റിലേക്ക് മാർച്ച് നടത്തിയതോടെ, മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം പാർലമെന്റ് കവാടങ്ങൾ അടച്ചു.പ്രതിഷേധക്കാർ പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) വൃത്തങ്ങൾ പറഞ്ഞു. സി.ജെ.പി പ്രതിഷേധത്തിൽ ഏകദേശം 5,000 പേർ പങ്കെടുക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ ജന്തർ മന്തറിൽ നിന്ന് ആരംഭിച്ച മാർച്ചിൽ കുറഞ്ഞത് 12,000 പേർ ഒത്തുചേർന്നുവെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പാർലമെന്റിലേക്കുള്ള വഴികൾ പൊലീസ് അടയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തെങ്കിലും പ്രതിഷേധ സ്ഥലത്തിന് സമീപം 10,000ത്തിലധികം പ്രതിഷേധക്കാർ തടിച്ചുകൂടി. പ്രദേശത്തേക്ക് കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചു. സമരത്തെ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സും രംഗത്തെത്തി. പാർലമെന്റിന് പുറത്ത് സുരക്ഷ ശക്തമാക്കി.നാലു ബാരിക്കേഡുകൾ സമരക്കാർ മറിച്ചിട്ടു. സംഘർഷത്തിനിടെ പ്രതിഷേധക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നിസ്സാര പരിക്കേറ്റു. സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ മൊബൈൽ ഇന്റർനെറ്റും വിച്ഛേദിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നാണ് സി.ജെ.പി നിലപാട്. അതിനിടെ കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ സി.ജെ.പി നേതാക്കളുമായി ചർച്ച നടത്തുകയാണ്. അമിത് ഷാ ധർമേന്ദ്ര പ്രധാനുമായും ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം.

പാർലമെന്റ് മാർച്ചിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് ഡൽഹിയിലെത്തിയത്. പൊലീസ് നടപടിക്കിടയിലും പിന്തിരിയാതെ ജന്തർ മന്തറിൽ തുടരുകയാണ് വിദ്യാർഥികൾ. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വിദ്യാർഥികളും യുവാക്കളും ഡൽഹിയിൽ എത്തിയിട്ടുണ്ട്. പൊലീസ് ബാരിക്കേഡ് മറികടന്ന് പല വഴികളിലൂടെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജന്തർ മന്തറിലേക്കെത്തുന്നത്. മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല.

നീറ്റ്, സി.ബി.എസ്.ഇ പരീക്ഷയിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോക്രോച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നത്. പാർലമെന്റിൽ വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസമാണ് സി.ജെ.പി പാർലമെന്റ് മാർച്ച് നടത്തുന്നത്. സി.ജെ.പിയുടെ സമരത്തിൽ പങ്കാളിയായി നിരാഹാര സമരം തുടരുന്ന സോനം വാങ്‌ചുക്കിനെ കഴിഞ്ഞ ദിവസം പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലും വാങ്‌ചുക് സമരം തുടരുകയാണ്.

Tags:    
News Summary - Parliament gates shut, security officer says ‘underestimated scale of protest’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.